ന്യൂദല്‍ഹി: എയര്‍ ഇന്ത്യയില്‍ പൈലറ്റുമാരുടെ സമരം 57-ാം ദിവസത്തിലേക്ക് കടന്നതോടെ നഷ്ടം 610 കോടി രൂപ കവിഞ്ഞതായി റിപ്പോര്‍ട്ട്. സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലാണ് എയര്‍ ഇന്ത്യ.
എയര്‍ ഇന്ത്യയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സമരം നടത്തുന്ന പൈലറ്റുമാരോട് ജോലിയില്‍ പ്രവേശിക്കാന്‍ മന്ത്രി അജിത് സിങ്ങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിരിച്ചുവിട്ട പൈലറ്റുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പൈലറ്റ് ഗില്‍ഡ്.
എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ റദ്ദാക്കുന്നതും സര്‍വീസുകള്‍ മുടങ്ങുന്നതുമാണ് പ്രധാനമായും വരുമാനം ഇടിയാന്‍ കാരണമാകുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായതോടെ നാട്ടിലേക്കു മടങ്ങാന്‍ കാത്തിരുന്ന പ്രവാസികളെ സമരം വലച്ചിട്ടുണ്ട്. മെയ് 8 നാണ് ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് സംഘടനയില്‍പ്പെട്ട എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം തുടങ്ങിയത്.
ബോയിങ്ങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള നീക്കത്തിനെതിരെയായിരുന്നു സമരം.
രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന സമരങ്ങളിലൊന്നായി മാറിയിരിക്കുകയാണ് എയര്‍ഇന്ത്യ പൈലറ്റുമാരുടേത്. 1974ല്‍ എയര്‍ഇന്ത്യ പൈലറ്റുമാരുടെ യൂണിയനായ ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് നടത്തിയ സമരം 90 ദിവസമാണ് നീണ്ടത്. ഇതാണ് ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ സമരം. 1993-94 വര്‍ഷത്തില്‍ എയര്‍ഇന്ത്യ ഫ്‌ളൈറ്റ് എന്‍ജിനീയര്‍മാരുടെ സമരം 56 ദിവസം നീണ്ടുനിന്നിരുന്നു.