Kerala News
തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കര്‍ശന ഉപാധികളോടെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 10, 09:16 am
Friday, 10th May 2019, 2:46 pm

കൊച്ചി: തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണെങ്കിലും പൂര വിളംബരത്തിന് മാത്രം ആനയെ എഴുന്നള്ളിക്കാന്‍ കമ്മറ്റിയുടെ അനുമതിയോട് കൂടി അനുവദിക്കാമെന്നാണ്.

കര്‍ശന ഉപാധികളോടെ അനുമതി നല്‍കണമെന്നാണ് നിര്‍ദേശം. ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം. പ്രകോപനമില്ലാതെ നോക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇത്തരമൊരു കീഴ്‌വഴക്കമുണ്ടാക്കുന്നത് കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന സ്ഥാനമുള്ളത് കൊണ്ടാണെന്നും ഭാവിയിലും പൊതുതാത്പര്യം കണക്കിലെടുത്ത് ഇത്തരം തീരുമാനമെടുക്കരുതെന്നും നിയമോപദേശത്തില്‍ പറയുന്നു.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. ഉചിതമായ അധികാര കേന്ദ്രങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്കില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞദിവസം നിലപാടെടുത്തിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.