കേരള സ്റ്റോറിക്ക് പിന്നാലെ വീണ്ടും വിവാദമായി പുതിയ ചിത്രം 72 ഹൂറാന്‍. സഞ്ജയ് പൂരണ്‍ സിങ് സംവിധാനം ചെയ്ത 72 ഹൂറാന്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നുവെന്നും പ്രൊപഗണ്ട ചിത്രമാണെന്നുമാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസം ചിത്രം ജെ.എന്‍.യു സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിവേകാനന്ദ വിചാര്‍ മഞ്ജാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 72 ഹൂറാന്റെ സംവിധായകനും നിര്‍മാതാക്കളും പ്രദര്‍ശനത്തിന് എത്തിയിരുന്നു.
ഇന്ത്യയില്‍ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നും എന്നാല്‍ സമരങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ജെ.എന്‍.യുവിന് ചിത്രത്തെ പറ്റി ശരിയായ അഭിപ്രായം പറയാനാകുമെന്നും നിര്‍മാതാവ് ഇന്ത്യന്‍ എക്‌സ്‌പ്രെസിനോട് പറഞ്ഞു. സിനിമയുടെ ടീമും വിവേകാനന്ദ വിചാര്‍ മഞ്ജ് പ്രവര്‍ത്തകരും ജയ് ശ്രീം റാം വിളിച്ചാണ് പ്രദര്‍ശനം ആരംഭിച്ചത്.
അതേസമയം ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന്‍ 72 ഹൂറാന്‍ പ്രദര്‍ശിപ്പിച്ചതിനെതിരേ രംഗത്തെത്തി. സര്‍വകലാശാലയുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കേണ്ട തുക ആര്‍.എസ്.എസ് പിന്തുണയോടെയുള്ള പരിപാടികള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത് ശരിയല്ലെന്ന് യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
ചിത്രത്തിനെതിരെ മുംബൈ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. മുസലിം സമുദായത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും മതത്തെ അനാദരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് മുംബൈ സ്വദേശി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.