national news
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; ഷര്‍ജില്‍ ഇമാമിനെതിരെ മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി രാജ്യദ്രോഹത്തിന് കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 27, 04:06 am
Monday, 27th January 2020, 9:36 am

ന്യൂദല്‍ഹി: അസമിനും യു.പിക്കും പിന്നാലെ ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അരുണാചല്‍പ്രദേശും മണിപ്പൂരും ദല്‍ഹിയും.

ജനുവരി 16 ന് അലിഗണ്ഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് അസമിലും യുപിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.

തൊട്ടുപിന്നാലെയാണ് അരുണാചല്‍പ്രദേശിലും മണിപ്പൂരിലും ദല്‍ഹിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്.

ദല്‍ഹി പൊലീസും യു.പി പൊലീസും ഷര്‍ജില്‍ ഇമാമിനെ കണ്ടുപിടിക്കാനുള്ള അന്വേഷണം ആരംഭിച്ചു.

ഇമാമിനെ കണ്ടെത്താനായി രണ്ട് സംഘങ്ങള്‍ ദല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നതായി അലിഗണ്ഡ് എസ്.എസ്.പി ആകാശ് കുല്‍ഹാരി അറിയിച്ചു. ” ദല്‍ഹി പൊലീസുമായി സഹകരിച്ച് ഞങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. എത്രയും പെട്ടെന്ന് ഇമാമിനെ കണ്ടെത്താന്‍ പറ്റും”, കുല്‍ഹാരി പറഞ്ഞു.

” ബിഹാറില്‍ സ്ഥിരതാമസക്കാരനും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജില്‍ ഇമാം എന്ന് പേരുള്ള ഒരാള്‍ എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് മുന്‍പ് ഡിസംബര്‍ 13 ന് സമാനരീതിയിലുള്ള പ്രസംഗം അയാള്‍ ജാമിഅ മിലിയയിലും നടത്തിയിട്ടുണ്ട്.” ദല്‍ഹി പൊലീസ് ഡി.സി.പി രാജേഷ് ദിയോ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസമിലേക്ക് സൈന്യം പോകുന്ന വഴി തടസപ്പെടുത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് നേരത്തെ ഇമാമിനെതിരെ കേസെടുത്തത്. രാജ്യത്തെ വിഭജിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്കെതിരെ യു.എ.പി.എ ചുമത്തുകയായിരുന്നു.

ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരിലൊരാളാണ് ഷര്‍ജീല്‍ ഇമാമെന്നും അസാമീസും ബംഗാളികളും ഹിന്ദുക്കളും മുസ്‌ലിങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുമെന്ന് ഉള്‍പ്പെടെ ഇദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ഗുവാഹത്തിയില്‍ ഒരു പത്രസമ്മേളനത്തില്‍ അസം ധനമന്ത്രി ഹേമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഗവേഷണം നടത്തുകയാണ് ഷര്‍ജീല്‍ ഇമാം.