'സംഘപരിവാരം പുന്നപ്ര വയലാര്‍ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങള്‍ക്കുള്ള മാപ്പുപറച്ചിലാണിത്'; ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചനയില്‍ അഡ്വ: രശ്മിത രാമചന്ദ്രന്‍
Kerala Election 2021
'സംഘപരിവാരം പുന്നപ്ര വയലാര്‍ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങള്‍ക്കുള്ള മാപ്പുപറച്ചിലാണിത്'; ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചനയില്‍ അഡ്വ: രശ്മിത രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 7:13 pm

കൊച്ചി: പുന്നപ്ര – വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പുന്നപ്ര – വയലാര്‍ മണ്ഡപത്തില്‍ ആദരവര്‍പ്പിയ്ക്കുമ്പോള്‍ ഇത്രനാള്‍ സംഘപരിവാരം പുന്നപ്ര വയലാര്‍ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങള്‍ക്കുള്ള മാപ്പു പറച്ചില്‍കൂടെയാവുകയാണെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍ പറഞ്ഞു.

ഒരു വര്‍ഗ്ഗസമര വിരോധിയുടെ വിനോദയാത്രാ പദ്ധതിയുടെ ഇടത്താവളമായി അതിനെ നിങ്ങള്‍ കണക്കാക്കിയെങ്കില്‍, പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷികളുടെ രക്തം വീണ് ചോപ്പിലും ചോപ്പായ ഞങ്ങടെ മണ്ണിലെ കന്നിയങ്കത്തില്‍ നിങ്ങള്‍ക്ക് മറക്കാനാകാത്ത പാഠങ്ങള്‍ പഠിപ്പിച്ചു തന്നെ ആലപ്പുഴയിലെ മനുഷ്യര്‍ നിങ്ങളെ തിരിച്ചയയ്ക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

വെള്ളിയാഴ്ചയായിരുന്നു പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പുഷ്പാര്‍ച്ചന.

കമ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് തന്റെ കടമയാണെന്നുമാണ് സന്ദീപ് അവകാശപ്പെട്ടത്.

ഈ നാടിന് വേണ്ടി ബലിദാനികളായ സാധരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും സന്ദീപ് വചസ്പതി പറഞ്ഞിരുന്നു.

അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ആലപ്പുഴ ജില്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി പുന്നപ്ര വയലാര്‍ മണ്ഡപത്തില്‍ ആദരവര്‍പ്പിയ്ക്കുമ്പോള്‍ ഇത്രനാള്‍ സംഘപരിവാരം പുന്നപ്ര വയലാര്‍ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങള്‍ക്കുള്ള മാപ്പു പറച്ചില്‍കൂടെയാവുകയാണ്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ദേശം ഒന്നടങ്കം പൊരുതുമ്പോള്‍ അതിനെ തോല്‍പ്പിയ്ക്കാനായി ബ്രിട്ടീഷ് പിന്‍തുണയുള്ള രാജവംശത്തിന്റെ അധികാരത്തുടര്‍ച്ച ഉറപ്പിയ്ക്കാന്‍ ഒരു ദിവാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ കര്‍ഷകരും തൊഴിലാളികളും ഒരുമിച്ച് മുന്നിട്ടിറങ്ങി ‘ അമേരിയ്ക്കന്‍ മോഡല്‍ അറബിക്കടലില്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയ സമരത്തിനു മുന്നിലാണ് ബ്രിട്ടീഷുകാരന്റെ ചിതറിച്ചില്ലാണ്ടാക്കുന്ന തന്ത്രത്തിന്റെ ആണിക്കല്ല് പറിച്ചെറിയപ്പെട്ടത്.

ജാലിയന്‍ വാലാബാഗിലുണ്ടായതിലധികം രക്തസാക്ഷികളുണ്ടായ സമരത്തിന് സ്വാതന്ത്ര്യ സമരമെന്ന ഔദ്യോഗിക അംഗീകാരം കിട്ടാതെ പോയത് അതിന്റെ അമരക്കാരും സമര പോരാളികളും കമ്മ്യൂണിസ്റ്റുകളായിരുന്നെന്ന ഒറ്റക്കാരണത്താലാണ്. പിന്നീട് 1997ല്‍ യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി ഇന്ദ്രജിത് ഗുപ്ത പുന്നപ്ര വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന അംഗീകാരത്തിന് പരിഗണിച്ചപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസ്സ് കാരും ബി.ജെ.പിക്കാരും ഒന്നുപോലെ ശബ്ദമുയര്‍ത്തി.

എന്തിലും സുവര്‍ണ്ണാവസരം നോക്കുന്ന ബി.ജെ.പി നേതാവും നിലവില്‍ മിസ്സോറം ഗവര്‍ണ്ണറുമായ ശ്രീമാന്‍ ശ്രീധരന്‍ പിള്ള ഈ സമരത്തെ സ്വാതന്ത്ര്യ സമരമാക്കി പ്രഖ്യാപിച്ചാല്‍ അതിനെതിരെ സമരം ചെയ്യുമെന്ന് പറഞ്ഞു അതൊരു കമ്മ്യൂണിസ്റ്റ് സമരമാണെന്ന നിലപാട് മാത്രമായിരുന്നു ബിജെപിയ്ക്ക് നാളിതുവരെ ഉണ്ടായിരുന്നത്.( ഇന്ത്യാ ടുഡേ, Nov.17, 1997)

അതു കൊണ്ട് തന്നെ പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ വണങ്ങിയ ബി.ജെ.പി സ്ഥാനാര്‍ഥി യോട്:

1. നാളിതുവരെ പുന്നപ്ര വയലാര്‍ ഒരു കമ്മ്യൂണിസ്റ്റ് സമരം മാത്രമാണെന്ന ധാരണ താങ്കളുടെ പാര്‍ട്ടി തിരുത്തിയോ?

2. അങ്ങനെ തിരുത്തിയെങ്കില്‍, നാളിതുവരെ താങ്കളുടെ പാര്‍ട്ടി എടുത്ത തെറ്റായ നിലപാടിനും സ്വാതന്ത്രൃ സമരപെന്‍ഷന്‍ അതുമൂലം നിഷേധിയ്ക്കപ്പെട്ട അന്നത്തെ സമരപോരാളികളോടും താങ്കളും പാര്‍ട്ടിയും മാപ്പ് പറയുമോ?

3. അതോ,ഇതൊരു കമ്മ്യൂണിസ്റ്റ് സമര സ്മാരകമെന്ന ബോധ്യത്തില്‍ തന്നെയായിരുന്നോ സന്ദര്‍ശനം?

4. എങ്കില്‍ ആ വര്‍ഗ്ഗ സമരത്തോടുള്ള അതിലെ ഇങ്ക്വിലാബുകളോടുള്ള ഐക്യദാര്‍ഢ്യമായി സന്ദര്‍ശനത്തെ കാണാന്‍ സാധിയ്ക്കുമോ?
ഇതൊന്നുമല്ലെങ്കില്‍ … ഒരു വര്‍ഗ്ഗസമര വിരോധിയുടെ വിനോദയാത്രാ പദ്ധതിയുടെ ഇടത്താവളമായി അതിനെ നിങ്ങള്‍ കണക്കാക്കിയെങ്കില്‍, പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷികളുടെ രക്തം വീണ് ചോപ്പിലും ചോപ്പായ ഞങ്ങടെ മണ്ണിലെ കന്നിയങ്കത്തില്‍ നിങ്ങള്‍ക്ക് മറക്കാനാകാത്ത പാഠങ്ങള്‍ പഠിപ്പിച്ചു തന്നെ ആലപ്പുഴയിലെ മനുഷ്യര്‍ നിങ്ങളെ തിരിച്ചയയ്ക്കും ബി.ജെ.പിക്കാരാ….
ഇങ്ക്വിലാബ് സിന്ദാബാദ്!

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Adv Reshmitha Ramachandran at the Pushparchana of BJP candidate at Punnapra Vayalar Martyrs’ memorial