മുത്തങ്ങാനന്തരം ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയത്. ചെതലയം റേഞ്ചില്‍ 703 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നല്‍കുന്നതിനു വേണ്ടി കണ്ടെത്തിയെങ്കിലും ഇന്നും അത് നല്‍കിയിട്ടില്ല.
തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി വിതരണം ചെയ്യാത്തതു കൊണ്ട് ഇരുളത്തേയും അപ്പാടിലേയും ചെതലയത്തേയും നൂറു കണക്കിന് ആദിവാസി കുടുംബങ്ങള്‍ ചെതലയം റേഞ്ചില്‍ കുടില്‍ക്കെട്ടി താമസിക്കുകയാണിപ്പോള്‍.
കക്കോടന്‍ ഹാജി കൈവശം വെച്ചിരുന്ന 703 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 1971ലാണ് സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നത്. ഈ ഭൂമി മുത്തങ്ങ സമരത്തിനു ശേഷം ആദിവാസികള്‍ക്ക് വിതരണം ചെയ്യാം എന്നു സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ അത് നല്‍കാതെ വന്നതോടെയാണ് ഇവര്‍ ഭൂമിയില്‍ കുടില്‍ക്കെട്ടി താമസിക്കാന്‍ തുടങ്ങിയത്.
എന്നും മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലമാണിത്. കൃഷി ചെയ്തു ജീവിച്ചു പോരുന്ന ഇവര്‍ക്ക് മൃഗങ്ങളുടെ ശല്യം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ആനയുടേയും പന്നിയുടേയും മാനിന്റേയും ശല്യം കാരണം വീട്ടില്‍ കിടന്നുറങ്ങാനോ, കൃഷി ചെയ്യാനോ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു.
കുടിവെള്ളമോ, വൈദ്യുതിയോ, കക്കൂസോ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പട്ടയം ലഭിക്കാത്ത ഭൂമി ആയതിനാല്‍ സര്‍ക്കാരില്‍ നിന്നും ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. പഠിക്കുന്ന കുട്ടികള്‍ ഹോസ്റ്റലുകളിലും ബന്ധുക്കളുടെ വീടുകളിലും നിന്നാണ് വിദ്യാഭ്യാസം നേടുന്നത്.
ഓരോ കുടുംബത്തിനും മൂന്നു സെന്റ് സ്ഥലം വീതമാണ് ഇവിടെ സര്‍ക്കാര്‍ നല്‍കിയത്. അതില്‍ കുടിലുകെട്ടിയാണ് ഇവരുടെ ജീവിതം. ഒരു വീട്ടില്‍ മൂന്നു കുടുംബങ്ങള്‍ വരെ ജീവിക്കുന്നു. അതുകൊണ്ട് തന്നെ ഭൂമി വിതരണം നല്‍കി കൃഷി ചെയ്യാനുള്ള അനുമതി നല്‍കി വന്യ മൃഗ ശല്യത്തില്‍ നിന്നും സംരക്ഷണം നല്‍കി ഇവരെ സംരക്ഷിക്കണമെന്നാണ് ആവശ്യം.