Entertainment
ആ കഥാപാത്രത്തെ ഞാന്‍ ഓവര്‍ ആക്കി ചളമാക്കിയേനെ, അവാര്‍ഡ് പോയിട്ട് ഒരു തേങ്ങയും കിട്ടില്ലായിരുന്നു: വിന്‍സി അലോഷ്യസ്

ചില കഥാപാത്രങ്ങളെ അതിന്റെ കൃത്യതയില്‍ മനസിലാക്കിയില്ലെങ്കില്‍  പുള്‍ ഓഫ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കുമെന്ന് നടി വിന്‍സി അലോഷ്യസ്.

അത്തരത്തില്‍ കഥാപാത്രത്തിന്റെ ഐഡിയ കിട്ടാതെ താന്‍ വിഷമിച്ചുപോയ ഒരു സിനിമയെ കുറിച്ചാണ് വിന്‍സി സംസാരിക്കുന്നത്.

മെന്റല്‍ സ്ട്രസ് താങ്ങാനാകാതെ ലൊക്കേഷനില്‍ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ടെന്നും താരം പറയുന്നു. രേഖ എന്ന ചിത്രത്തെ കുറിച്ചായിരുന്നു വിന്‍സി സംസാരിച്ചത്.

സംവിധായകന്‍ ജിതിന്റെ ഗൈഡന്‍സ് ഒന്നുകൊണ്ടു മാത്രമാണ് ആ കഥാപാത്രം നന്നായതെന്നും തന്റെ കയ്യില്‍ ഏല്‍പ്പിച്ചു തന്നിരുന്നെങ്കില്‍ താന്‍ അത് ഓവര്‍ ആക്കി ചളമാക്കിയേനെയെന്നും വിന്‍സി അലോഷ്യസ് പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്‍സി.

‘എനിക്ക് പൊതുവെ ഏത് കഥാപാത്രങ്ങളും പുള്‍ ഓഫ് ചെയ്യാന്‍ ഈസിയായിരുന്നു. തുടക്കകാലത്ത് കുറച്ച് പാടായിരുന്നു. എന്നാല്‍ മനസിലെ ആ പേടി മാറ്റിയതോടെ ക്യാരക്ടേഴ്‌സ് കുറച്ചുകൂടി എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുമായിരുന്നു.

ക്യാരക്ടറിനെ പറ്റി ഒരു ഐഡിയ കിട്ടിക്കഴിഞ്ഞാല്‍ അത് ഈസിയായി പുള്‍ ഓഫ് ചെയ്യാമെന്നൊരു അഹങ്കാരം എനിക്കുണ്ടായിരുന്നു. അത് ഞാന്‍ രേഖയിലും അപ്ലൈ ചെയ്തു. എന്നാല്‍ തനിക്ക് വേണ്ടത് ഇതല്ല എന്നായിരുന്നു ജിതിന്‍ പറഞ്ഞത്.

ഞാന്‍ മനസിലാക്കിയ രീതിയില്‍ ഞാനൊരു സംഭവം അങ്ങോട്ട് കലക്കുമ്പോഴേക്ക് ജിതിന്‍ പറയും ഇതല്ല എനിക്ക് വേണ്ടത് എന്ന്. അപ്പോള്‍ ഞാന്‍ മനസിലാക്കിയ രേഖ എന്താണ്, ജിതിന്‍ മനസിലാക്കിയ രേഖ എന്താണ് എന്നതില്‍ ആശയക്കുഴപ്പം വന്നു.

ചില സമയത്ത് പൂര്‍ണമായും വ്യത്യസ്തമാര്‍ന്ന രീതിയിലായിരിക്കും അത്. ചില സമയത്ത് അത് കറക്ടായിട്ട് വരും. അപ്പോള്‍ ജിതിന്‍ അഭിനന്ദിക്കും. നീ ഇത് കറക്ടായി ചെയ്തു, മനസിലാക്കി ചെയ്തു എന്ന് പറയും.

ചില സമയത്ത് ഞാന്‍ മനസിലാക്കിയതും പുള്ളി മനസിലാക്കിയതും രണ്ടും രണ്ടായിരിക്കും. പിന്നീട് ഡയറക്ടര്‍ പറയുന്നത് എന്താണോ അതില്‍ സറണ്ടര്‍ ചെയ്യുക എന്നതിലേക്ക് ഞാന്‍ മാറി.

ജിതിന്‍ എന്തൊക്കെയാണ് പറയുന്നത് എന്ന രീതിയിലേക്ക് ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ മരിച്ചിട്ടും രേഖ കരയുന്നില്ല. എന്തുകൊണ്ട്?  ഞാനത് ചോദിക്കും.

എന്തുകൊണ്ടാണ് രേഖ കരയാത്തത്. അപ്പോള്‍ ജിതിന്‍ പറയും എനിക്ക് കരയണ്ട എന്ന്. എന്തുകൊണ്ട് കരയുന്നില്ല എന്ന് അപ്പോഴും എനിക്ക് മനസിലാക്കാന്‍ പറ്റിയില്ല. ഒട്ടും മനസിലാക്കാന്‍ പറ്റിയില്ല.

ഇത്ര കൊടുത്താല്‍ മതിയെന്ന് പറയും. പുള്ളിക്കാരിയുടെ ഉള്ളില്‍ കുറേ ക്ലംസിയായിട്ടുള്ള എന്തൊക്കെയോ കാര്യങ്ങള്‍ ഉണ്ട് എന്ന് മനസിലാക്കാന്‍ ജിതിന്‍ വേണ്ടി വന്നു. ജിതിന്‍ കുറേ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തന്നു.

മെന്റലി, ഫിസിക്കലി എല്ലാം സ്‌ട്രെയിന്‍ ചെയ്താണ് ആ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചത്. ഒരു തവണ സെറ്റില്‍ വെച്ച് ഞാന്‍ ബ്രോക്കണ്‍ ആയി. ജിതിനെ മാറ്റി വിളിച്ചിട്ട് നിങ്ങള്‍ എനിക്ക് ഇത്രയും പ്രഷര്‍ തരല്ലേ എന്ന് പറഞ്ഞു.

കാരണം എനിക്ക് ക്യാരക്ടറിനെ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മനസിലാക്കിയാലല്ലേ ക്യാരക്ടര്‍ ഈസിയാകുള്ളൂ. പ്രോപ്പര്‍ ആയി ഗൈഡ് ചെയ്യാന്‍ ഒരു ഡയറക്ടര്‍ ഉണ്ടായി എന്നതുകൊണ്ട് മാത്രമാണ് അത് നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ പറ്റിയത്.

അത് എന്റെ കയ്യില്‍ ഏല്‍പ്പിച്ചു തന്നിരുന്നെങ്കില്‍ ഞാനത് ഓവര്‍ ആക്കി ചളമാക്കിയേനെ. നൂറ് ശതമാനം ഞാനത് കുളമാക്കിയേനെ. അവാര്‍ഡ് പോയിട്ട് ഒരു തേങ്ങയും കിട്ടില്ലായിരുന്നു,’ വിന്‍സി പറയുന്നു.

Content Highlight: Actress Vincy Aloshious about Rekha Movie Character and her Metal Stress