എന്റെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രം; ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയാണത്: മണിച്ചിത്രത്താഴിലെ മഹാദേവന്‍
Entertainment
എന്റെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രം; ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയാണത്: മണിച്ചിത്രത്താഴിലെ മഹാദേവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th December 2024, 1:14 pm

ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമയെ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.

മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന കഥാപാത്രമാണ് മഹാദേവന്റേത്. ശ്രീധര്‍ എന്ന കന്നഡ നടനായിരുന്നു മണിച്ചിത്രത്താഴില്‍ മഹാദേവനായി എത്തിയത്. താന്‍ മമ്മൂട്ടിയുടെ ഒരു വലിയ ആരാധകനാണെന്ന് പറയുകയാണ് നടന്‍.

ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമ തന്റെ ഓള്‍ ടൈം ഫേവറൈറ്റാണെന്നും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ഒരു സിനിമയാണ് അതെന്നും ശ്രീധര്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ മമ്മൂട്ടിയുടെ ഒരു വലിയ ആരാധകനാണ്. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമ എന്റെ ഓള്‍ ടൈം ഫേവറൈറ്റാണ്. ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ഒരു സിനിമയാണ് അത്. എം.ടി വാസുദേവന്‍ നായരുമായുള്ള ആ കോമ്പിനേഷന്‍ വളരെ മികച്ചതാണ്.

മമ്മൂട്ടിയുടെ ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്‌ന്റെ ഒപ്പം അദ്ദേഹം ചെയ്ത സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ന്യൂ ഡെല്‍ഹി, അമരം പോലെയുള്ള നിരവധി മമ്മൂട്ടി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിലെ പവര്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

മോഹന്‍ലാലും മമ്മൂട്ടിയും മികച്ച അഭിനേതാക്കളാണ്. ഇന്ത്യയിലെ ആളുകളെല്ലാം അവരുടെ സിനിമകള്‍ കാണണം. അത്രയും ക്വാളിറ്റിയിലുള്ള സിനിമകളാണ് ഇരുവരും ചെയ്തിട്ടുള്ളത്,’ ശ്രീധര്‍ പറഞ്ഞു.

മണിച്ചിത്രത്താഴിന്റെ സമയത്ത് മോഹന്‍ലാലിനെ നേരില്‍ കണ്ടതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. വളരെ മികച്ച നടനാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന്റെ കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ചിത്രം ഉള്‍പ്പെടെയുള്ള ചില സിനിമകള്‍ കണ്ടിട്ടുണ്ടെന്നും ശ്രീധര്‍ പറഞ്ഞു.

Content Highlight: Actor Sridhar Who Acted In Manichithrathazhu As Mahadevan Talks About Mammootty And Oru Vadakkan Veeragatha Movie