ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി-ട്വന്റിയിലെത്തണമെന്നാണ് ആഗ്രഹം; സിനിമാനടന്‍മാര്‍ ശരിയായ വഴിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് നടന്‍ ശ്രീനിവാസന്‍
Kerala News
ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി-ട്വന്റിയിലെത്തണമെന്നാണ് ആഗ്രഹം; സിനിമാനടന്‍മാര്‍ ശരിയായ വഴിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് നടന്‍ ശ്രീനിവാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th March 2021, 11:55 am

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേര്‍ന്ന ഇ.ശ്രീധരനും ജേക്കബ് തോമസും ട്വന്റി -ട്വന്റിയില്‍ ചേരണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. സിനിമാനടന്‍മാര്‍ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം ഇന്ന് നടക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. മുമ്പും ട്വന്റി ട്വന്റിയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു.

നേരത്തെ പിറവം നിയമസഭ മണ്ഡലത്തില്‍ നിന്നും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം മികച്ചതാണെന്നും നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി -ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടത്-വലത് മുന്നണികള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അഴിമതിയുടെ കാര്യത്തില്‍ ഇവര്‍ ഒന്നാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് തന്നെ രാഷ്ട്രീയ വിരോധിയാക്കി മാറ്റുകയാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Sreenivasan Says  E Sreedharan And Jacob Thomas Should Join Twenty Twenty