അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വേദാന്ത് മാറാത്തേ വീര്‍ ദൗദ്‌ലേ സാത്ത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഛത്രപതി ശിവജി മഹാരാജയായിട്ടാണ് അക്ഷയ് ചിത്രത്തില്‍ വേഷമിടുന്നത്. ഇതിനിടക്ക് വന്ന ഫസ്റ്റ് ലുക്ക് വീഡിയോ വലിയ ചര്‍ച്ചയായിരുന്നു.
1880ല്‍ തോമസ് ആല്‍വ എഡിസണ്‍ കണ്ടുപിടിച്ച ബള്‍ബ് 1630 മുതല്‍ 1680 വരെ ജീവിച്ച ഛത്രപതി ശിവജിയുടെ കൊട്ടാരത്തില്‍ വന്നതോടെ വീഡിയോക്കെതിരെ ട്രോള്‍പൂരമായിരുന്നു. നടന്‍ പ്രകാശ് രാജും അക്ഷയ് കുമാറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രമാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ശിവജി മഹാരാജാവിന്റെ സമയത്ത് എങ്ങനെയാണ് ഇലക്ട്രിക് ബള്‍ബ് വന്നത് എന്നാണ് ട്വീറ്റ് ചെയ്ത ചിത്രത്തില്‍ മോദി അക്ഷയ് കുമാറിനോട് ചോദിക്കുന്നത്. 1988ല്‍ അങ്ങയുടെ കയ്യില്‍ ഡിജിറ്റല്‍ ക്യാമറ കിട്ടിയത് പോലെയാണ് ഇതെന്നുമാണ് അക്ഷയ് മറുപടി പറയുന്നത്. മന്‍ കി ബാത്, ജസ്റ്റ് ആസ്‌കിങ് എന്ന ക്യാപ്ഷനൊപ്പമാണ് പ്രകാശ് രാജ് ചിത്രം ട്വീറ്റ് ചെയ്തത്. ഇലക്ട്രിക് ബള്‍ബിന്റെ പശ്ചാത്തലത്തില്‍ ശിവജിയായി നില്‍ക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
2019ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിമുഖത്തില്‍ താന്‍ പണ്ട് ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ചിരുന്നു എന്ന മോദിയുടെ പരാമര്‍ശങ്ങള്‍ വലിയ പരിഹാസം ക്ഷണിച്ചുവരുത്തിയിരുന്നു. 1980കളില്‍ തന്നെ ഡിജിറ്റല്‍ ക്യാമറയും ഇമെയിലുകളും ഉപയോഗിച്ചിരുന്നുവെന്നാണ് മോദി അവകാശപ്പെട്ടത്. എന്നാല്‍ 1990ലാണ് ഇന്ത്യന്‍ വിപണിയില്‍ ഡിജിറ്റല്‍ ക്യാമറ എത്തിയത് എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് മോദിക്കെതിരെ ട്രോളുകള്‍ ഉയര്‍ന്നത്.
അതേസമയം 2023 ദീപാവലി റിലീസായിട്ടാണ് ‘വേദാന്ത് മാറാത്തേ വീര്‍ ദൗദ്‌ലേ സാത്ത്’ റിലീസ് ചെയ്യുന്നത്. മഹേഷ് മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാത്തി ചിത്രം കൂടിയാണ് ഇത്. ജയ് ദുധാനെ, ഉത്കര്‍ഷ ഷിന്‍ഡെ, വിശാല്‍ നികം, വിരാട് മഡ്കെ, ഹാര്‍ദിക് ജോഷി, സത്യ, അക്ഷയ്, നവാബ് ഖാന്‍, പ്രവീണ്‍ തര്‍ദെ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇതിന് മുമ്പ് സാമ്രാട്ട് പൃഥ്വിരാജ് എന്ന പിരിയഡ് ഡ്രാമയുമായി അക്ഷയ് എത്തിയിരുന്നു. ടൈറ്റില്‍ റോളില്‍ അക്ഷയ് എത്തിയ ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയമാണ് നേരിട്ടത്.
രക്ഷാ ബന്ധന്‍, രാം സേതു എന്നിവയാണ് സാമ്രാട്ട് പൃഥ്വിരാജിന് ശേഷം റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ചിത്രങ്ങള്‍. ഈ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.
Content Highlight: Actor Prakash Raj mocking Akshay Kumar and narendra modi