പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ചിരുന്ന എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത്; ഹര്‍ഭജന്‍ സിംഗുമൊത്തുള്ള സിനിമയുടെ വിശേഷങ്ങളുമായി ജെന്‍സണ്‍ ആലപ്പാട്ട്
2018ല്‍ മലയാളത്തില്‍ റിലീസ് ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലെ ‘മാടപ്രാവ്’ എന്ന കഥാപാത്രമായി വന്ന് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ജെന്‍സണ്‍ ആലപ്പാട്ട്. മലയാളത്തില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ഫ്രണ്ട്ഷിപ്പ് സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്തിരിക്കുകയാണ്.
ഹര്‍ഭജന്‍ സിംഗ്, അര്‍ജുന്‍ സര്‍ജ, ലോസ്‌ലിയ മാരിയണേശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ‘മാടപ്രാവ്’ എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നതും ജെന്‍സണ്‍ തന്നെയാണ്.
താന്‍ നേരിട്ട് കാണുന്ന ആദ്യത്തെ അന്താരാഷ്ട്ര കായികതാരമാണ് ഹര്‍ഭജന്‍ സിംഗെന്നും അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് വളരെ രസകരമായിരുന്നെന്നുമാണ് ജെന്‍സണ്‍ പറഞ്ഞത്.
നാല് ഷെഡ്യൂള്‍ ആയിട്ടായിരുന്നു സിനിമയുടെ ഷൂട്ടിങ്ങെന്നും ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും ഹര്‍ഭജന്‍ കൂടുതല്‍ ഫ്രണ്ട്‌ലിയായി മാറിയെന്നും താരം പറഞ്ഞു.
താന്‍ ഒരു സ്റ്റേറ്റ് ലെവല്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്നെന്നും അതുകൊണ്ട് മറ്റ് കായിക ഇനങ്ങളോടും ഇഷ്ടമുണ്ടായിരുന്നെന്നും ക്രിക്കറ്റ് കാണാറുണ്ടായിരുന്നെന്നു ജെന്‍സണ്‍ പറയുന്നു.
സിനിമയുടെ ചിത്രീകരണസമയത്ത് ഹര്‍ഭജനൊപ്പം ക്രിക്കറ്റ് കളിച്ചതിന്റെ സന്തോഷവും അഭിമുഖത്തില്‍ പങ്കുവെച്ചു.
”ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുകയും ഞാന്‍ ബാറ്റ് ചെയ്ത സമയത്ത് അദ്ദേഹം എനിക്ക് ബൗള്‍ ചെയ്ത് തരികയും ചെയ്തു. പാടത്തും പറമ്പിലുമൊക്കെ ക്രിക്കറ്റ് കളിച്ചിരുന്ന എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത്,” ജെന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
ഒരുപാട് പുതുമുഖ താരങ്ങളെ അണിനിരത്തി റിലീസ് ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നു.
സാനിയ ഇയ്യപ്പന്‍, ധ്രുവന്‍, സലിം കുമാര്‍. വിജയരാഘവന്‍, എല്‍ദോ മാത്യു, അശ്വിന്‍ ജോസ്, ജെന്‍സണ്‍ ആലപ്പാട്ട് എന്നിവരായിരുന്നു ക്വീനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ക്വീനിന് പുറമെ സകലകലാശാല, കുമ്പാരീസ് എന്നീ ചിത്രങ്ങളിലെല്ലാം ജെന്‍സണ്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ ജോസ്, ആസിഫ് അലി-രജിഷ വിജയന്‍ കൂട്ടുകെട്ടിലുള്ള ‘എല്ലാം ശരിയാകും’, ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ, ‘ത തവളയുടെ ത’ എന്നിവയാണ് ജെന്‍സന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. ഒരു തമിഴ് സിനിമയും ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്.