മാര്‍ക്‌സിസ്റ്റുകാര്‍ തെറ്റ് ചെയ്താലും ഞാന്‍ പ്രതികരിക്കും, എനിക്ക് രാഷ്ട്രീയമില്ല: ബി.ജെ.പിയെ വിമര്‍ശിച്ച നാടകത്തെ കുറിച്ച് അലന്‍സിയര്‍
Entertainment
മാര്‍ക്‌സിസ്റ്റുകാര്‍ തെറ്റ് ചെയ്താലും ഞാന്‍ പ്രതികരിക്കും, എനിക്ക് രാഷ്ട്രീയമില്ല: ബി.ജെ.പിയെ വിമര്‍ശിച്ച നാടകത്തെ കുറിച്ച് അലന്‍സിയര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th February 2023, 1:31 pm

ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോടുള്ള പ്രതിഷേധം അറിയിക്കാനല്ല മറിച്ച് ഈ നാടിനോടുള്ള കൂറും
സ്നേഹവുമാണ് തന്റെ നാടകങ്ങളിലൂടെ കാണിക്കാന്‍ ശ്രമിക്കുന്നതെന്ന് നടന്‍ അലന്‍സിയര്‍. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും, സത്യം വിളിച്ച് പറയാനുളള ആര്‍ജവം കാണിക്കേണ്ടത് പൗരന്റെ കടമയാണെന്നും കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

2017 ജനുവരിയില്‍ ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച് നടത്തിയ തെരുവ് നാടകത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

‘ഞാനേതെങ്കിലും പ്രസ്ഥാനത്തിനെ അനുകൂലിച്ചോ മറ്റുള്ളവര്‍ക്ക് എതിരായോ അല്ല പ്രതിഷേധിച്ചത്. മാര്‍ക്സിസ്റ്റുകാര് ചെയ്യുന്ന തെറ്റിനെതിരെയും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ഞാന്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടങ്ങളില്‍ പങ്കെടുക്കുന്ന ആളാണ്. ദയാബായിയുമായി വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. മനുഷ്യര്‍ക്ക് വേണ്ടിയുള്ള സമരമാണ് അവര്‍ നടത്തുന്നത്.

അവസാനം സര്‍ക്കാര്‍ അവരോട് സംസാരിക്കാന്‍ തയ്യാറായി, നല്ല കാര്യം തന്നെ, പക്ഷെ അത് ചെയ്യേണ്ട സമയത്ത് ചെയ്യണം. ഫാദര്‍ സ്റ്റാന്‍ സ്വാമി സുപ്രീം കോടതി ശിക്ഷിച്ച് ജാമ്യം പോലും കിട്ടാതെ ജയിലില്‍ കിടന്നാണ് മരിച്ചത്. മരിച്ച് കഴിഞ്ഞപ്പോ കോടതി പറഞ്ഞു സ്റ്റാന്‍ സ്വാമിക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന്.

അദ്ദേഹത്തിന് വേണ്ടി എന്റെ മക്കളെയും കൂട്ടുകാരെയും കൂട്ടി ഈ നാട് മുഴുവന്‍ സ്റ്റാന്‍ സ്വാമി ജീവിക്കണം എന്ന് പറഞ്ഞ് തിരി തെളിയിച്ച് പ്രതിഷേധിച്ചവനാണ് ഞാന്‍.

ഒരു രാഷ്ട്രീയകക്ഷിയോടുമുള്ള പ്രതിഷേധമല്ല, മറിച്ച് നാടിനോടുള്ള കൂറും സ്നേഹവുമാണ് എന്റെ നാടകങ്ങളിലൂടെ ഞാന്‍ പ്രകടിപ്പിക്കുന്നത്. ഞാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമല്ല. ആരെയും എതിര്‍ക്കാനും പോവുന്നുമില്ല. കാരണം ജനാധിപത്യത്തില്‍ എല്ലാവരും വേണം. നമ്മള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചത് കൊണ്ടാണല്ലോ ഇവര്‍ക്കൊക്കെ ഭരണവും തുടര്‍ ഭരണവുമൊക്കെ കിട്ടിയത്, ഭരിക്കട്ടെന്നേ.

 

നിങ്ങള്‍ക്ക് ഒരു ഗവണ്‍മെന്റിന്റെ നയപരിപാടിയോട് വിയോജിപ്പുണ്ടെങ്കില്‍ പ്രതിഷേധിച്ച് വേറൊരാള്‍ക്ക് വോട്ട് ചെയ്യൂ. തെറ്റ് ചൂണ്ടിക്കാനുള്ള ആര്‍ജവം, രാജാവ് നഗ്നനാണെങ്കില്‍ അത് വിളിച്ച് പറയാനുള്ള തന്റേടം ഓരോരുത്തരും കാണിക്കേണ്ടതുണ്ട്. അത് ഒരു പൗരന്റെ കടമയാണ്,’ അലന്‍സിയര്‍ പറയുന്നു.

ആറ് വര്‍ഷം മുമ്പ് സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി നേതാവ് എന്‍.രാധാകൃഷ്ണന്‍ നടത്തിയ വിദ്വേഷ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന വിധിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന കമല്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെ ബി.ജെ.പി കമലിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നരേന്ദ്ര മോദിയെ നരഭോജി എന്ന് വിളിച്ചത് മാത്രമാണ് ബോര്‍ഡ് ചെയര്‍മാനാകാനുള്ള കമലിന്റെ യോഗ്യതയായി പരിഗണിച്ചതെന്നും, എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ഈ രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യം വിട്ട് പോവണമെന്നും ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു. ഈ പ്രസ്താവനകളില്‍ പ്രതിഷേധിച്ചുകൊണ്ട് അലന്‍സിയര്‍ നടത്തിയ തെരുവ് നാടകം വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Actor Alencier about his protest drama against BJP in 2016 in the national anthem in cinema theatre controversy