പേരുകേട്ട അക്കാദമിക് ഫെമിനിസ്റ്റുകളില്‍ നിന്ന് പൊറുക്കല്‍വാദം തലയുയര്‍ത്തി വരുന്നുണ്ട്; ഞങ്ങളാ പഴയ പെണ്ണുങ്ങളല്ല, പൊറുക്കലല്ല, പോരാട്ടമാണ് ഞങ്ങളുടെ വഴി: കെ. അജിത
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതികളില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത. വിഷയത്തില്‍ പേരുകേട്ട അക്കാദമിക് ഫെമിനിസ്റ്റുകളില്‍ നിന്ന് ‘പൊറുക്കല്‍വാദം’ തിയറിയുണ്ടാകുന്നുണ്ടെന്നും എന്നാല്‍ പോരാട്ടം തന്നെയാണ് തങ്ങളുടെ വഴിയെന്നും പൊറുക്കലല്ലെന്നും അജിത കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘കുറച്ചുമുമ്പ് ഞാന്‍ നമ്മുടെ ‘സാംസ്‌കാരിക നായക’ന്റെ മറ്റൊരു പീഡന കഥ വായിക്കുകയുണ്ടായി. അതിന് എന്റെ പ്രതികരണമാണ് താഴെ കൊടുക്കുന്നത്. ഇതയാള്‍ കുറേ നാളായിവെച്ചുനടത്തുന്നു. ഇപ്പോഴാണ് പെണ്‍കുട്ടികള്‍ കുറച്ചുപേരെങ്കിലും തുറന്നുപറയാന്‍ തുടങ്ങിയത്.
അപ്പോഴതാ പൊറുക്കല്‍ വാദം എന്ന പേരില്‍ നൂറ്റാണ്ടുകളായി മതവും സമൂഹവും സ്ത്രീകളോട് ജനിച്ചുവീഴുമ്പോള്‍ മുതല്‍ ഓതിക്കൊടുക്കുന്ന ‘പൊറുക്കല്‍വാദം’ പുതിയ രൂപഭാവങ്ങളോടെ തലയുയര്‍ത്തിയിരിക്കുന്നു. അതും പേരുകേട്ട അക്കാദമിക്
ഫെമിനിസ്റ്റുകളില്‍ നിന്ന്.
സ്ത്രീകള്‍ കാലമത്രയും പൊറുക്കുകയായിരുന്നല്ലൊ. ‘ഭൂമീദേവിയോളം ക്ഷമയുള്ളവളായിരിക്കണമല്ലൊ സ്ത്രീകള്‍’. അല്ലെങ്കില്‍ എങ്ങനെ ഒരു ഉത്തമ സ്ത്രീയാകും?
പൊറുക്കല്‍ നമുക്ക് എളുപ്പമാണ്, ആരേയും എതിര്‍ക്കണ്ട, വേദനിപ്പിക്കണ്ട. ഉള്ളില്‍ നീറിനീറി നമ്മള്‍ സ്വയം പീഡിപ്പിച്ചോളുക-ഇവിടെ കോടതിയും ഈ സ്ത്രീകളെ തെറ്റുകാരായി കാണുന്നു.
അതെ, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കു കാരണം സ്ത്രീകള്‍ തന്നെ. പാവം പുരുഷന്മാര്‍!
ഒരു കാര്യം ലോകത്തോടു ഉറക്കെ പറഞ്ഞേ തീരൂ. ‘ഇതാ പഴയ കാലമല്ല, ഞങ്ങളാ പഴയ പെണ്ണുങ്ങളുമല്ല’.
പോരാട്ടം തന്നെയാണ് ഞങ്ങളുടെ വഴി. പൊറുക്കലല്ല, ഒട്ടുമല്ല,’ കെ. അജിത പറഞ്ഞു.
അതേസമയം, ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്‌കോടതി ഉത്തരവെന്ന് ഹരജിക്കാരി കോടതിയെ അറിയിച്ചു. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു.