ന്യൂദല്‍ഹി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി.
2016 ല്‍ ജെ .എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കനയ്യ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം.
ഈ കേസിലാണ് ദല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ വിചാരണക്ക് അനുമതി നല്‍കിയത്. കേസില്‍ കനയ്യ കുമാറിനെയും മറ്റു 9 പേരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഈ ഫയല്‍ ഡല്‍ഹി ആഭ്യന്തര വകുപ്പിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
2016 ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് മുന്‍ എ.ബി.വി.പി നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാദം സൃഷ്ടിച്ച് രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു എ.ബി.വി.പിയുടെ ശ്രമമെന്നും ഇവര്‍ പറഞ്ഞിരുന്നു.
കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ജെ.എന്‍.യു എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍ എന്നിവരാണ് എ.ബി.വി.പിയുടെ പങ്ക് വെളിപ്പെടുത്തി രംഗത്തെത്തിയത്.
നേരത്തെ കനയ്യ അടക്കമുള്ളവര്‍ക്കെതിരായ ആരോപണത്തിന് അടിസ്ഥാനമാക്കിയിരുന്ന സീ ടിവി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൂന്നു വാര്‍ത്താ ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
സീ ന്യൂസ്, ന്യൂസ് എക്സ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെയായിരുന്നു കേസ്. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനലുകള്‍ പ്രചരിപ്പിച്ചത്.
പാര്‍ലമെന്റെ് ആക്രമണ കേസില്‍ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ പേരില്‍ വധശിക്ഷക്കെതിരായും നിയമ സംവിധാനങ്ങളിലെ പിഴകളെ കുറിച്ചും നടത്തിയ ചര്‍ച്ചാ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ചാനലുകള്‍ പുറത്തു വിട്ട വീഡിയോയില്‍ കാണിക്കുന്നത്.
ഈ സംഭവം വലിയ വാര്‍ത്തയായതിന് ശേഷം സീ ന്യൂസ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം സീ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളാണ് മറ്റു രണ്ട് ചാനലുകളും ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ ദേശവിരുദ്ധര്‍ എന്നു ചിത്രീകരിക്കാന്‍ ഉപയോഗിച്ചത്.