ന്യൂദല്‍ഹി: ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ദിരാഗാന്ധിയെ പോലെയാണെന്ന പരാമര്‍ശവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപോലെ അറ്റകൈ പ്രയോഗം നടത്തുകയാണെന്നായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.
മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.
‘ഒരു കാലത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റമായിരുന്നു. ഇന്ന് മോദി അത് ആവര്‍ത്തിക്കുന്നു,’ എന്നായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം. സിസോദിയയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ കാലത്തിന് സമാനമായ സാഹചര്യമാണെന്ന് എ.എ.പി ദേശീയ വക്താവ് സൗരഭ് ഭരത്‌വാജ് പറഞ്ഞിരുന്നു.
‘എ.എ.പി എല്ലാ വീടുകളിലും പോകും, എല്ലാ ആളുകളുമായും സംസാരിക്കും. ഒരു കാലത്തെ ഇന്ദിരാഗാന്ധിയെപോലെ പ്രധാനമന്ത്രി മോദി ചെയ്യുന്ന അറ്റകൈ പ്രയോഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും.. ജനങ്ങള്‍ എല്ലാത്തിനും ഉത്തരം നല്‍കും. അവര്‍ ഇതെല്ലാം കാണുകയാണ്. അവര്‍ രോഷാകുലരാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.
ദല്‍ഹി സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ തടയാനാണ് തനിക്കെതിരെ കള്ളക്കേസ് ചുമത്തി സി.ബി.ഐ ജയിലിലടച്ചതെന്ന് മനീഷ് സിസോദിയ കെജ്‌രിവാളിനയച്ച രാജിക്കത്തില്‍ പരാമര്‍ശിച്ചിരുന്നു. അഴിമതി ഇല്ലാതാക്കലല്ല, നല്ല പ്രവര്‍ത്തികള്‍ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സിസോദിയ പറഞ്ഞിരുന്നു. സിസോദിയ ബി.ജെ.പിയില്‍ പോകുമെന്ന് പറഞ്ഞാല്‍ സി.ബി.ഐ അദ്ദേഹത്തെ അടുത്ത നിമിഷം വെറുതെവിടുമെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlight: AAP Chief aravind kejriwal says PM Modi is at his extreme like indira gandhi once