'ഇനി സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതിയതാണോ എന്നാര്‍ക്കറിയാം'; അനില്‍ അക്കരയ്‌ക്കെതിരെ എ.എ റഹീം
Kerala
'ഇനി സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതിയതാണോ എന്നാര്‍ക്കറിയാം'; അനില്‍ അക്കരയ്‌ക്കെതിരെ എ.എ റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th September 2020, 3:29 pm

കോഴിക്കോട്: വൈറല്‍ കത്തിന് ഉടമയായ നീതുവെന്ന പെണ്‍കുട്ടിയെ കാത്ത് റോഡില്‍ കുത്തിയിരുന്ന അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

അനില്‍ അക്കര തന്നെയാണോ നീതു എന്ന് പറഞ്ഞ് കത്തയച്ചതെന്ന് നമുക്ക് അറിയാന്‍ പറ്റില്ലല്ലോയെന്നും സതീശന്‍ കഞ്ഞിക്കുഴിമാരുടെ സംഘടന അല്ലേ അത് എന്നുമായിരുന്നു റഹീമിന്റെ പരിഹാസം.

‘ഇനി യഥാര്‍ത്ഥത്തില്‍ ഈ നീതു എന്ന ക്യാരക്ടര്‍ ഉണ്ടോ എന്നും അവര്‍ കത്തയച്ചോയെന്നൊന്നും നമുക്കറിയില്ല. അവര്‍ ആരാണെന്നും നമുക്കറിയില്ല. ഇനി സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി ചെയ്തതാണോ എന്ന് ആര്‍ക്കറിയാന്‍ പറ്റും.

അവര്‍ അതൊക്കെ ചെയ്യും. സ്വന്തമായി വീടിന് തീവെച്ചിട്ട് വാര്‍ത്താ പ്രാധാന്യം കണ്ടെത്തിയ നേതാവുണ്ടല്ലോ ചെറിയ ആളൊന്നുമല്ല കെ.പി.സി.സി നേതാവാണ് അയാള്‍.

സ്വന്തമായി തലമുടി മുറിച്ചിട്ട് വാര്‍ത്തയുണ്ടാക്കിയ വനിതാ നേതാക്കളുള്ള സംഘടന അല്ലേ അത്. സ്വന്തമായിട്ട് വീടും വാഹനവും കത്തിച്ചിട്ട് മാര്‍ക്‌സിസ്റ്റുകാര്‍ അക്രമിച്ചു എന്ന് പറഞ്ഞ് ഇരവാദമുയര്‍ത്തിയ ഒരു മുന്‍ എം.എല്‍.എ ശെല്‍വരാജിന്റെ നാടല്ലേ ഇത്.

കോണ്‍ഗ്രസിന്റെ സംസ്‌ക്കാരം സതീശന്‍ കഞ്ഞിക്കുഴിയുടെ സംസ്‌ക്കാരമാണ്. ഒരുപക്ഷേ അദ്ദേഹം തന്നെ എഴുതിയ കത്തുമായിരിക്കാം ഇത്. പറയാന്‍ പറ്റില്ല,’ എ.എ റഹീം പറഞ്ഞു.

ഇന്ന് രാവിലെ ഒന്‍പത് മണി മുതലാണ് അനില്‍ അക്കര എം.എല്‍.എയും രമ്യാ ഹരിദാസ് എം.പിയും ഐ.എന്‍.ടി.യു.സി നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡരികില്‍ നീതുവിനായുള്ള കാത്തിരിപ്പ് തുടങ്ങിയത്.

ഒരു മാസം മുന്‍പാണ് അനില്‍ അക്കരയ്ക്ക് നീതുവെന്ന കുട്ടിയുടെ പേരില്‍ ഒരു കത്ത് കിട്ടിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എം.എല്‍.എ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. നീതു ജോണ്‍സണ്‍, മങ്കര എന്ന പേരിലായിരുന്നു കത്ത്.

ഇതിന് പിന്നാലെ നീതു ജോണ്‍സണെ കണ്ടെത്താന്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഇതുവരെ കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണവുമായി എം.എല്‍.എ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നീതുവിനെ കാത്ത് വഴിയരികില്‍ ഇരിക്കാന്‍ എം.എല്‍.എ തീരുമാനിച്ചത്. നീതുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി പൊലീസില്‍ എം.എല്‍.എ പരാതിയും നല്‍കിയിട്ടുണ്ട്.

നീതു എവിടെ ഉണ്ടെങ്കിലും എത്തണമെന്നും സഹായം നല്‍കാമെന്നുമാണ് എം.എല്‍.എ പറയുന്നത്.

‘നീതു വരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നീതു ഇന്ന് വന്നില്ലെങ്കിലും അവര്‍ക്കായുള്ള അന്വേഷണം തുടരും. നീതുവിന് വേണ്ടി വടക്കാഞ്ചേരി പൊലീസില്‍ പരാതി കൊടുക്കും. പൊലീസിന് കഴിയാത്ത സാഹചര്യമാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. രാഷ്ട്രീയ വിഷയമായ സാഹചര്യത്തില്‍, ഒരുപക്ഷേ ആ കുട്ടി വരാഞ്ഞിട്ടായിരിക്കാം. അല്ലെങ്കില്‍ ഐഡന്റിന്റി വെളിപ്പെടുത്താന്‍ മടിയുണ്ടായിരിക്കാം. മങ്കര എന്ന് എഴുതിയതും നീതു എന്ന് പേരിട്ടതും ഒരുപക്ഷേ മനപൂര്‍വമായിരിക്കാം. അങ്ങനെയാരു കുട്ടി എവിടെയെങ്കിലും ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.

ഐ.എന്‍.ടി.യു.സി നേതാവ് മങ്കരയില്‍ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതല്ല അവരുടെ പഞ്ചായത്തിലാണെങ്കില്‍ അതിനുള്ള സൗകര്യം ചെയ്യും. എന്റെ വീടിനോട് ചേര്‍ന്ന് സ്ഥലം അനുവദിക്കും.7 അല്ലെങ്കില്‍ അടാട്ട് എന്ന സ്ഥലത്ത് എന്റെ ഭാര്യയ്ക്ക് ഭാഗം കിട്ടിയ അഞ്ച് സെന്റ് സ്ഥലമുണ്ട്. അവിടെ വീട് വെച്ച് കൊടുക്കാനും തയ്യാറാണ്. ഒന്‍പത് മാസത്തിനകം തന്നെ നീതുവിന് വീട് വെച്ചുകൊടുക്കും., അനില്‍ അക്കരെ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കുറിപ്പ്.

‘സാറിനു കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടേത് ആയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭാ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷന്‍ പട്ടികയില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അതു തകര്‍ക്കരുത്, പ്ലീസ് നീതു ജോണ്‍സണ്‍ മങ്കര.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AA Rahim Against Anil Akkara