ബംഗ്ലാദേശിലെ ആഭ്യന്തര കലാപം; ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന് പള്ളികളിലൂടെ ആഹ്വാനം
World News
ബംഗ്ലാദേശിലെ ആഭ്യന്തര കലാപം; ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന് പള്ളികളിലൂടെ ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 7:55 pm

ധാക്ക: ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ മുസ്‌ലിം പള്ളികളില്‍ പ്രത്യേക അറിയിപ്പ്. രാജ്യത്തെ ക്ഷേത്രങ്ങളെ സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന മുസ്‌ലിം പൗരന്മാരുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് മത മൈത്രിയുടെ മറ്റൊരു മാതൃക കൂടി ബംഗ്ലാദേശില്‍ നിന്ന് പുറത്തുവരുന്നത്.

പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ത്ഥി സംഘടനകളിലൊന്നായ ‘ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്റ്’ലെ അംഗങ്ങളാണ് ഹിന്ദു ക്ഷേത്രങ്ങളെ സംരക്ഷിക്കാന്‍ പള്ളിയുടെ ഉച്ചഭാഷിണിയിലൂടെ നിര്‍ദേശം നല്‍കിയത്.

‘പ്രിയ പൗരന്മാരെ, ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്മെന്റ് എന്ന സംഘടനയിലെ അംഗങ്ങളായ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്ത് അശാന്തിയുടെ ഈ കാലഘട്ടത്തില്‍, നാമെല്ലാവരും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തണം.

ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും അവരുടെ സമ്പത്തും ദുഷ്ടന്മാരില്‍ നിന്നും ദുഷ്ട ശക്തികളില്‍ നിന്നും സംരക്ഷിക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, നമ്മുടെ ഉത്തരവാദിത്തമാണ്, എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ജാഗരൂകരായിരിക്കുക,’എന്നാണ് ഉച്ചഭാഷിണിയിലൂടെ വിദ്യാര്‍ത്ഥി നേതാക്കള്‍ അറിയിച്ചത്.

#AllEyesOnBangladeshiHindus എന്ന ഹാഷ്ടാഗും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാണ്. ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം മാത്രം ആക്രമണങ്ങളില്‍ 135 പേര്‍ കൊാല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ ആജ്ഞ പ്രകാരം രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രെഹാനെയും നിലവില്‍ ഇന്ത്യയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുന്നത് വരെ ഹസീന ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹസീന രാജിവെച്ചതിനെ തുടര്‍ന്ന് അവരുടെ ബംഗ്ലാവും ആഭ്യന്തര മന്ത്രിയു, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വീടിനും കലാപകാരികള്‍ തീയിട്ടിരുന്നു.

മുന്‍ ബംഗ്ലാദേശി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്റഫി മെര്‍താസയുടെ വീടും അഗ്‌നിക്കിരായാക്കിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പാര്‍ലമെന്റ് അംഗം കൂടിയാണ് മെര്‍താസ.

Content Highlight: A special notification in mosques to ensure the protection of the country’s minority Hindus in the face of escalating civil unrest in Bangladesh