കൊച്ചി: എല്‍.ഡി.എഫ് വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് ആരോപിച്ച് തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സി.പി.ഐ.എം കള്ളവോട്ട് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി അട്ടിമറി വിജയം നേടുമെന്നും താന്‍ നിയമസഭയില്‍ ഒ. രാജഗോപാലിന്റെ പിന്‍ഗാമിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനത്തെ വിവരങ്ങളനുസരിച്ച് 68.73 ശതമാനമാണ് പോളിംഗ്.
1,35,279 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് തൃക്കാക്കരയില്‍ ജനങ്ങള്‍ ഇന്ന് വിധിയെഴുതിയത്.
മുന്നണികളുടെ കണക്ക് മറികടന്നുള്ള പോളിംഗാണ് തൃക്കാക്കരയില്‍ നടന്നത്. കൊച്ചി കോര്‍പറേഷന് കീഴിലെ വാര്‍ഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതല്‍ മികച്ച പോളിംഗ് നടന്നു.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. പ്രശ്നങ്ങളില്ലാതെയാണ് തൃക്കാക്കരയില്‍ പോളിംഗ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയില്‍ പൊലീസ് പിടികൂടിയതൊഴിച്ചാല്‍ കാര്യമായ യാതൊരു അനിഷ്ട സംഭവങ്ങളും വോട്ടിംഗിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല.
ഇതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. വൈകീട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പില്‍ ആകെ 1,96,805 വോട്ടര്‍മാരാണുള്ളത്.
ഇതില്‍ 3,633 കന്നിവോട്ടര്‍മാരും 1,01530 സ്ത്രീ വോട്ടര്‍മാരുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറുണ്ട്. 164 ബൂത്തുകളിലായാണ് പോളിംഗ് നടന്നത്.