തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യു.കെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചത്.
കേരള സര്‍ക്കാറിന് വേണ്ടി നോര്‍ക്ക റൂട്ട്‌സും യു.കെയില്‍ എന്‍.എച്ച്.എസ്(നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളായ ദ നാവിഗോ ആന്റ് ഹമ്പര്‍ ആന്റ് നോര്‍ത്ത് യോര്‍ക് ഷയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ണര്‍ഷിപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലണ്ടനില്‍ നടന്ന യൂറോപ്പ്- യു.കെ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. നോര്‍ക്ക റൂട്ട്‌സിനുവേണ്ടി സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും നാവിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മൈക്കേല്‍ റീവ് ധാരണാപത്രം ഏറ്റുവാങ്ങി.