'മമ്മൂക്ക ചോദിച്ചു ആരാണ് ക്യാമറമാനെന്ന്, റോബിയാണെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല'
Malayalam Cinema
'മമ്മൂക്ക ചോദിച്ചു ആരാണ് ക്യാമറമാനെന്ന്, റോബിയാണെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th October 2023, 9:19 am

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് തിയേറ്ററിൽ വമ്പൻ വിജയത്തിലേക്ക് അടുക്കുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ റോബി വർഗീസ് രാജിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജൻ. സാജൻ ഒരുക്കിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ ക്യാമറമാനായാണ് റോബി സിനിമയിലേക്ക് കടന്നു വരുന്നത്. പുതിയ നിയമം എന്ന സിനിമ സംഭവിച്ചതിനെ കുറിച്ചും സാജൻ പറയുന്നുണ്ട്.

‘അടുത്ത ദിവസം കണ്ടപ്പോൾ മമ്മൂക്ക എന്നോട് ചോദിച്ചത് ആരാണ് ഇതിന്റെ ക്യാമറമാൻ എന്നായിരുന്നു,’ സാജൻ പറയുന്നു. കാൻചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജ് എന്റെ പുതിയ നിയമത്തിലൂടെ ക്യാമറാമാനായിട്ടാണ് കടന്നുവരുന്നത്. റോബിയെ എനിക്ക് പരിചയപ്പെടുത്തിത്തരുന്നത് അവന്റെ സഹോദരൻ റോണിയാണ്. അവനോട് കുറച്ചുനേരം സംസാരിച്ചപ്പോൾ തന്നെ എന്റെ അടുത്ത സിനിമയിൽ അവനെയും തീർച്ചയായും ഉൾപ്പെടുത്തണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അവൻ ഭയങ്കര നിഷ്കളങ്കനും സിനിമയോട് പാഷൻ ഉള്ള ഒരാളുമായിരുന്നു. എന്റെ അടുത്ത പടത്തിൽ റോബിയാണ് ക്യാമറമാൻ എന്ന് പറഞ്ഞപ്പോൾ അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ലായിരുന്നു.

ഞാൻ പറഞ്ഞു നമ്മൾ ചെയ്യുന്നത് ഒരു ചെറിയ സിനിമയാണ്. വലിയ താരങ്ങളുടെ അടുത്ത് ചെന്നാൽ ചിലപ്പോൾ സമ്മതിക്കില്ലായെന്ന്. നമുക്ക് സിനിമ ചെയ്യാം എന്ന് വാക്ക് കൊടുത്തു. അപ്പോഴാണ് ഞാൻ പുതിയ നിയമം തീരുമാനിക്കുന്നത്.

പക്ഷേ അന്നെന്റെ മനസ്സിൽ രൺജി പണിക്കരും മുത്തുമണിയുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. എല്ലാവരും പറയും ചെറിയ പടം ചെയ്യാൻ വളരെ എളുപ്പമാണെന്ന്. പക്ഷേ ചെറിയ പടങ്ങൾക്ക് നിർമാതാവിനെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ലൊക്കേഷൻ ഒക്കെ നോക്കി ഒരുപാട് നടന്നെങ്കിലും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണം അത് മുടങ്ങിപ്പോയി.


അങ്ങനെ ഒരുദിവസം മമ്മൂക്കയോട് ദീപന് വേണ്ടി മറ്റൊരു കഥ പറയാൻ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ ചെന്നു. പക്ഷേ അദ്ദേഹത്തിന് ഒരുപാട് തിരക്കുകൾ ഉള്ളതുകൊണ്ട് ഈ വർഷം നടക്കില്ല എന്ന് പറഞ്ഞു. ഞാൻ നിരാശയിൽ നിൽക്കുമ്പോൾ ആന്റോ അവിടെ ഉണ്ടായിരുന്നു. അവൻ എന്നോട് രൺജി പണിക്കരുടെ സിനിമ എന്തായി എന്ന് ചോദിച്ചു. ആന്റോയോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ആന്റോ ചോദിച്ചു നമുക്ക് ഈ സിനിമ ജയറാമിനെ വെച്ച് എടുത്താലോയെന്ന്. ആന്റോ ജയറാമിനെ വിളിച്ച് ഫോൺ എന്റെ കൈയിൽ തന്നു. കഥ പറഞ്ഞപ്പോൾ ജയറാമിന് ഓക്കേ ആയിരുന്നു. നായികയായി ആശ ശരത്തിനെയും തീരുമാനിച്ചു.

ഞാൻ തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ വീണ്ടും ആന്റോ എന്നെ വിളിച്ചു. ആന്റോ എന്നോട് ചോദിച്ചു ചേട്ടാ നമുക്ക്‌ ഈ പടം മമ്മൂക്കയെ വെച്ച് ചെയ്‌താലോയെന്ന്. ഞാൻ ശരിക്കും ഞെട്ടി പോയി. ഞാൻ ചോദിച്ചു ആന്റോ എന്താണ് പറയുന്നതെന്ന്.

മമ്മൂക്കയുടെ ഒരു പത്തിരുപത് ദിവസത്തെ ഡേറ്റ് കിട്ടിയിട്ടുണ്ട്. ആ സമയം കൊണ്ട് ഈ സിനിമ ഷൂട്ട് ചെയ്യാൻ കഴിയുകയാണെങ്കിൽ നമുക്ക് മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാം. ആ സിനിമ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നത് കൊണ്ട് മമ്മൂക്കയോട് ഒന്ന് കഥ പറയാമെന്ന് ഞാനും തീരുമാനിച്ചു.

അങ്ങനെ പിറ്റേദിവസം മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം ഓക്കേ പറഞ്ഞു. കഥ കേട്ടപാടെ മമ്മൂക്ക ചോദിച്ചത് ആരാണ് നായിക എന്നായിരുന്നു. ആശാ ശരത്താണ് നായിക എന്ന് പറഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ആശാ ശരത് ഓക്കേയാണ് പക്ഷെ നായിക പ്രാധാന്യമുള്ള ഒരു സിനിമ ആയതുകൊണ്ട് കൊറച്ചൂടെ സ്റ്റാർ വാല്യൂ ഉള്ള ഒരു നായികയാവും നന്നാവുക.

നയൻ‌താരയെ കിട്ടുമോ എന്ന് നോക്കെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ സ്വപ്നത്തിൽ പോലും നയൻ‌താരയെ കുറിച്ച് വിചാരിച്ചിട്ടില്ലായിരുന്നു. അങ്ങനെ നയൻ‌താരയും ഈ സിനിമയിലേക്ക് എത്തി.

അടുത്ത ദിവസം കണ്ടപ്പോൾ മമ്മൂക്ക എന്നോട് ചോദിച്ചത് ആരാണ് ഇതിന്റെ ക്യാമറമാൻ എന്നായിരുന്നു. റോബിയുടെ പേര് പറഞ്ഞപ്പോൾ മമ്മൂക്ക ഒന്നും മിണ്ടിയില്ല. ദുൽഖറിന്റെ ചാർലിയിൽ റോബി വർക്ക് ചെയ്തിരുന്നു. ദുൽഖറിന് റോബിയെ അറിയാം എന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു. പിറ്റേന്ന് റോബിയും മമ്മൂക്കയും ഒരുമിച്ചു വർക്ക്‌ ചെയുന്നതാണ് ഞാൻ കണ്ടത്. അത് അദ്ദേഹത്തിന്റെ നല്ല മനസ് കൊണ്ടാണ്. അങ്ങനെയാണ് റോബി സിനിമയിലേക്ക് വരുന്നത്,’സാജൻ പറയുന്നു.

Content Highlight: A.K. Sajan Talk About Roby Vargees Raj And Mammootty