തിരുവനന്തപുരം: ഗുണ്ടാ സംഘം യുവാവിനെക്കൊണ്ട് കാലില്‍ ഉമ്മവെപ്പിച്ചതില്‍ കേസെടുത്ത് പോലീസ്. യുവാവിനെ കാലില്‍ പിടിക്കാന്‍ ആജ്ഞാപിക്കുകയും ഉമ്മവെക്കാന്‍ നിര്‍ബന്ധിപ്പിക്കുകും ചെയ്ത ഗുണ്ടാ നേതാവ് ഡാനി എന്നയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പുള്ള സംഭവത്തിന്റെ വീഡിയോ വിവാദമായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മലയങ്കീഴ് സ്വദേശിയായ വെങ്കിടേഷാണ് അതിക്രമത്തിന് ഇരയായയത്. ഇദ്ദേഹത്തില്‍ നിന്ന് പരാതി എഴുതി വാങ്ങിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എസ്.സി- എസ്.ടി അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്. യുവാവിനെ വിളിച്ചുവരുത്തി നിര്‍ബന്ധിപ്പിച്ച് കാലില്‍ പിടിച്ച് മാപ്പ് പറയിപ്പിക്കുകയും, ഉമ്മവെക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി, അത് തിരികെ നല്‍കണമെങ്കില്‍ കാല് പിടിക്കണമെന്നാണ് ഡാനി ആവശ്യപ്പെടുന്നത്.
യുവാവും ഗുണ്ടാ നേതാവും മറ്റൊരു സ്ഥലത്തുവെച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചായെന്നോണമുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഗുണ്ടാ സംഘം തന്നെയാണ് പകര്‍ത്തി പ്രചരിപ്പിച്ചത്.