പതിനൊന്ന് വര്‍ഷങ്ങള്‍; പകരക്കാരില്ലാത്ത 'ഡി.ക്യു' എന്ന ബ്രാന്‍ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന്റെ രണ്ടാം വരവ് മലയാള സിനിമയേയും ഇന്ത്യന്‍ സിനിമയെ തന്നെയും മൊത്തത്തില്‍ പ്രതികൂലമായി ബാധിച്ച കാലം. അത്രയേറെ പ്രതീക്ഷയുള്ള, പ്രേക്ഷകനെ തിയേറ്ററിലെത്തിക്കാന്‍ പാകത്തില്‍ കഥ പറയുന്ന ഒരു സിനിമ ഇറങ്ങിയാല്‍ മാത്രം മലയാള സിനിമക്ക് തിരിച്ച് വരവുള്ളു എന്ന് ഉറപ്പുള്ള സമയം. അന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന പാന്‍ ഇന്ത്യന്‍ താരം കുറുപ്പ് എന്ന ചിത്രവുമായി തിയേറ്ററുകളിലേക്കെത്തുന്നത്.

തിയേറ്ററില്‍ വന്ന് സിനിമ കാണുന്ന രീതിയില്‍ നിന്നും മലയാളി മാറി സഞ്ചരിച്ച കാലമായിരുന്നു യഥാര്‍ത്ഥത്തിലത്. എന്നാല്‍ അത്തരം പേടികളെയെല്ലാം മാറ്റി നിര്‍ത്തി അത്രയേറെ ആത്മവിശ്വസത്തോടെയാണ് തന്റെ സിനിമയുമായി അയാള്‍ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് കൊവിഡ് പ്രതിസന്ധിയേയും അവഗണിച്ച് പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ഒഴുകി.

ഈ വിജയങ്ങളൊക്കെ ദുല്‍ഖര്‍ എന്ന പാന്‍ ഇന്ത്യന്‍ താരത്തിന്റെ മൂല്യം വീണ്ടും വര്‍ധിപ്പിക്കുന്നതായിരുന്നു. കോവിഡിന് മുമ്പും കേരളത്തിന് പുറത്ത് മണിരത്‌നം സിനിമയിലടക്കം അഭിനയിച്ച് വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. എങ്കിലും കൊവിഡാനന്തരമുള്ള ദുല്‍ഖര്‍ സല്‍മാന്‍ എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ച കണക്ക് കൂട്ടലുകള്‍ക്കപ്പുറമായിരുന്നു.

മലയാള സിനിമക്ക് അകത്തും പുറത്തും ദുല്‍ഖര്‍ തന്റേതായ ഇടങ്ങള്‍ കണ്ടെത്തി. വിജയങ്ങള്‍ അയാള്‍ക്ക് പിന്നാലെ കുതിച്ചു. പല റെക്കോര്‍ഡുകളും ഈ കാലയളവിനുള്ളില്‍ ദുല്‍ഖറിനെ തേടിയെത്തി. ഇന്ന് ദുല്‍ഖറിന്റെ സിനിമാ ജീവിതത്തിന്റെ പതിനൊന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, ആര്‍ക്കും എത്തിപിടിക്കാന്‍ കഴിയാത്ത അത്ര ഉയരത്തില്‍ അയാള്‍ വളര്‍ന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളം സിനിമയെ കേരളത്തിന് പുറത്ത് വളര്‍ത്തുന്നതില്‍ ദുല്‍ഖര്‍ എന്ന താരം വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.

ഒരു പക്ഷെ ഇന്നയാള്‍ കേരളത്തിന് പുറത്ത് മലയാള സിനിമയുടെ മുഖമാണെന്ന് തന്നെ പറയാം. ദുല്‍ഖറിനെ ഒരിക്കലും മലയാളി താരമെന്ന ടാഗില്‍ മാത്രം ഒതുക്കാന്‍ കഴിയില്ല. ഈ കഴിഞ്ഞ 2022 ശരിക്കും ഡി.ക്യുവിന്റെ വര്‍ഷം തന്നെയായിരുന്നു. കേരളത്തിന് പുറത്തുമയാള്‍ ഹിറ്റുകള്‍ വാരികൂട്ടിയ വര്‍ഷം കൂടിയായിരുന്നു അത്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചചെയ്യപ്പെട്ട സിനിമയായിരുന്നു സീതാ രാമം. പ്രണയവും, രാജ്യസ്‌നേഹവും, ഇന്ത്യ-പാക്ക് സൈനീകര്‍ക്കിടയിലെ സൗഹൃദവുമൊക്കെ പറഞ്ഞ സിനിമ വലിയ വിജയമായിരുന്നു. സിനിമയിലെ ഗാനങ്ങളടക്കം ഇന്ത്യയുടെ ഫേവറൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു. ഒപ്പം ദുല്‍ഖര്‍ എന്ന താരവും.

തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി ബോളിവുഡ് സിനിമ തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ചുപ് എന്ന സിനിമയുമായി ദുല്‍ഖര്‍ അവിടേക്ക് രംഗപ്രവേശം ചെയ്യുന്നത്. അതുവരെ തുടര്‍ന്ന തോല്‍വി കഥകളെയെല്ലാം തിരുത്തി അവിടെയും വിജയം നേടാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ഹിന്ദി സിനിമയിലെ പല പ്രമുഖരും ബോക്‌സോ ഓഫീസില്‍ പരാജയമായപ്പോള്‍ അവിടെയും അയാള്‍ വിജയിച്ചു.

മലയാളത്തിലിറങ്ങിയ സെല്യൂട്ട് അടക്കമുള്ള സിനിമകള്‍ വിജയിച്ചുവെങ്കിലും ഹേയ് സനാമിക എന്ന ഒറ്റ ചിത്രമാണ് പാജയത്തിലേക്ക് വീണുപോയത്. സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കിങ് ഓഫ് കൊത്തയാണ് 2023ല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സിനിമ. വമ്പന്‍ പ്രതീക്ഷകളോടെയാണ് കൊത്തക്കായി സിനിമാ ലോകം കാത്തിരിക്കുന്നത്. വമ്പന്‍ ഹൈപ്പിലിറങ്ങുന്ന സിനിമ വിജയമായാല്‍ വീണ്ടും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ദുല്‍ഖര്‍ സല്‍മാന് കഴിയും.

ഈ പതിനൊന്ന് വര്‍ഷത്തിനിടയില്‍ ദുല്‍ഖര്‍ എന്ന താരം മാത്രമല്ല നടനും വളരുന്നുണ്ടായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോയിലെ ദുല്‍ഖറില്‍ നിന്നും അയാള്‍ ഒരുപാട് സഞ്ചരിച്ചു. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ മുന്നിലുണ്ടാകുന്നവരില്‍ ഒരാള്‍ ദുല്‍ഖറായിരിക്കും.

അന്ന് ദുല്‍ഖറിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോള്‍, അത് വലിയ വിജയമായിരുന്നു എങ്കിലും ഒരു വിഭാഗം ജനക്കൂട്ടം അയാളെ കൂവലുകളോടെയാണ് സ്വീകരിച്ചത്. ഇന്ന് അവരെക്കൊണ്ടൊക്കെ കയ്യടിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.

content highlight: success of dulquer salman after covid