ചെന്നൈ: സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം കൊണ്ടുവരുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ധന -മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് നിലവില്‍ സ്ത്രീകള്‍ക്കുള്ള 30 ശതമാനം സംവരണം 40 ശതമാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്.
ലിംഗസമത്വം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ഭേദഗതികള്‍ ഉടനെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളെ തുടര്‍ന്ന് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വര്‍ഷം കൂടി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍, പരിശീലന വകുപ്പ് നല്‍കുന്ന 2017-18 ഡാറ്റ പ്രകാരം, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 8.8 ലക്ഷം ജീവനക്കാരില്‍ 2.92 ലക്ഷം മാത്രമാണ് സ്ത്രീകള്‍. സര്‍ക്കാര്‍ ജീവനക്കാരില്‍ സ്ത്രീള്‍ 33 ശതമാനമാണ്.
അതേസമയം കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും ജോലി നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാരോ അനുബന്ധ സ്ഥാപനങ്ങളോ നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ തമിഴ് പേപ്പര്‍ നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വിവിധ പദ്ധതികള്‍ ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സര്‍ക്കാര്‍ വനിതാ ജീവനക്കാരുടെ പ്രസവാവധി ഒന്‍പത് മാസത്തില്‍ നിന്ന് 12 മാസമായി ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. പിന്നീട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും അംഗപരിമിതര്‍ക്കും യാത്ര സൗജന്യമാക്കിയിരുന്നു.