ഇതില്‍ പലതും കാലം കുറേ തകരാതെ കിടക്കും; ട്രിപ്പിള്‍ റെക്കോഡുമായി ഫെര്‍ഗൂസന്റെ മെയ്ഡനുകള്‍
T20 world cup
ഇതില്‍ പലതും കാലം കുറേ തകരാതെ കിടക്കും; ട്രിപ്പിള്‍ റെക്കോഡുമായി ഫെര്‍ഗൂസന്റെ മെയ്ഡനുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th June 2024, 10:08 pm

 

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും എക്കോണോമിക്കലായ സ്പെല്ലുമായാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ലോക്കി ഫെര്‍ഗൂസന്‍ റെക്കോഡിട്ടത്. ഒറ്റ റണ്‍സ് പോലും വഴങ്ങാതെ നാല് ഓവറും എറിഞ്ഞ് തീര്‍ത്താണ് താരം തകര്‍പ്പന്‍ റെക്കോഡ് കൈപ്പിടിയിലൊതുക്കിയത്.

കഴിഞ്ഞ ദിവസം ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ പപ്പുവ ന്യൂ ഗിനിക്കെതിരെ നടന്ന മത്സരത്തിലാണ് കിവീസ് സൂപ്പര്‍ താരം ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. 4 – 4 – 0 – 3 എന്നതായിരുന്നു പി.എന്‍.ജിക്കെതിരെ താരത്തിന്റെ ബൗളിങ് ഫിഗര്‍.

ഇതിന് പിന്നാലെ പല റെക്കോഡുകളും താരത്തെ തേടിയെത്തിയിരുന്നു. മെന്‍സ് ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബൗളര്‍ തന്റെ സ്‌പെല്ലിലെ നാല് ഓവറിലും റണ്‍സ് വഴങ്ങാതെ പന്തെറിയുന്നത്.

ടി-20 ലോകകപ്പിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിയുന്ന താരമെന്ന റെക്കോഡും ലോക്കി ഫെര്‍ഗൂസന്‍ സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശ് സൂപ്പര്‍ പേസര്‍ തന്‍സിം സാകിബിന്റെ റെക്കോഡാണ് താരം തകര്‍ത്തത്.

ന്യൂസിലാന്‍ഡ് – പപ്പുവ ന്യൂ ഗിനി മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അവസാനിച്ച നേപ്പാള്‍ – ബംഗ്ലാദേശ് മത്സരത്തിലാണ് സാകിബ് റെക്കോഡിട്ടത്. നേപ്പാളിനെതിരെ എറിഞ്ഞ 24 പന്തില്‍ 21ലും താരം റണ്‍സ് വഴങ്ങിയിരുന്നില്ല.

ഇതിന് പുറമെ ടി-20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം മെയ്ഡനുകളെറിയുന്ന താരമെന്ന നേട്ടവും ഫെര്‍ഗൂസനെ തേടിയെത്തി. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ അടക്കമുള്ള താരങ്ങളെ മറികടന്നാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം റെക്കോഡിട്ടത്.

പട്ടികയില്‍ ഇടം നേടിയ മറ്റ് ബൗളര്‍മാരെല്ലാം തന്നെ വിവിധ മത്സരങ്ങളിലായാണ് മെയ്ഡനുകളെറിഞ്ഞതെങ്കില്‍ ഒറ്റ മത്സരത്തില്‍ തന്നെ റണ്‍ വഴങ്ങാതെ പന്തെറിഞ്ഞാണ് ഫെര്‍ഗൂസന്‍ ചരിത്രം കുറിച്ചത്.

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം മെയ്ഡനുകള്‍ എറിഞ്ഞ താരങ്ങള്‍

(താരം – ടീം – മെയ്ഡന്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ലോക്കി ഫെര്‍ഗൂസന്‍ – ന്യൂസിലാന്‍ഡ് – 4 – 2024

ദില്‍ഹര ഫെര്‍ണാണ്ടോ – ശ്രീലങ്ക – 3 – 2007

അജന്ത മെന്‍ഡിസ് – ശ്രീലങ്ക – 3 – 2012

നുവാന്‍ കുലശേഖര – ശ്രീലങ്ക – 3 – 2014

ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 3 – 2022

സ്റ്റാറ്റുകള്‍ക്ക് കടപ്പാട്: കൗസ്തുഭ് ഗുഡിപ്പാടി

 

Content Highlight:  T20 World Cup 2024: 3 unique records achieved by Lockie Ferguson after his 4 maiden overs against PNG