28 മുസ്‌ലിങ്ങളെ വിദേശികളായി മുദ്രകുത്തി തടവിലാക്കി ട്രാൻസിറ്റ് ക്യാമ്പിലേക്കയച്ച് അസം സർക്കാർ
national news
28 മുസ്‌ലിങ്ങളെ വിദേശികളായി മുദ്രകുത്തി തടവിലാക്കി ട്രാൻസിറ്റ് ക്യാമ്പിലേക്കയച്ച് അസം സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2024, 7:56 am

ഗുഹാവത്തി: ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി പ്രവേശിച്ചതെന്ന് ആരോപിച്ച് 28 ബംഗാളി മുസ്‌ലിങ്ങളെ തടവിലാക്കി ട്രാൻസിറ്റ് ക്യാമ്പിലേക്കയച്ച് അസം സർക്കാർ. അസമിലെ ബക്സ ജില്ലയിലെ പ്രത്യേക പൊലീസ് വിഭാഗമാണ് വിദേശികളെന്ന് മുദ്രകുത്തി 28 മുസ്‌ലിങ്ങളെ അറസ്റ്റ് ചെയ്തത്.

‘വിദേശികളെ’ അറസ്റ്റ് ചെയ്യാൻ കോടതിയിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും അതനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നുമാണ് പൊലീസിന്റെ വാദം. ‘ഞങ്ങൾക്ക് കോടതിയിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. അതനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചത്. വിദേശികളെ അറസ്റ്റ് ചെയ്ത ക്യാമ്പിലേക്ക് മാറ്റാൻ കോടതി അനുവാദം നൽകിയതാണ്,’ ബക്സ ജില്ലയിലെ പൊലീസ് സൂപ്രണ്ട് ഉജ്ജൽ പ്രതിം ബറുവ പറഞ്ഞു.

ഇവരെ 50 കിലോമീറ്റർ അകലെയുള്ള ഗോൽപാറ ജില്ലയിലെ വിദേശ ട്രാൻസിറ്റ് ക്യാമ്പിലേക്കാണ് മാറ്റിയത്. തിങ്കളാഴ്ച രാവിലെ വ്യത്യസ്ത കുടുംബങ്ങളിൽ നിന്നായി 28 ഓളം പേരെ ഒപ്പുവെക്കാനെന്ന വ്യാജേനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന് അവരെ നിർബന്ധിതമായി ബസിൽ കയറ്റി ക്യാമ്പുകളിലേക്ക് അയക്കുകയുമായിരുന്നെന്ന് ബാർപേട്ടയിലെ പ്രാദേശിക സാമൂഹിക പ്രവർത്തകനായ ഫാറൂഖ് ഖാൻ പറഞ്ഞു.

‘അസം പൊലീസിന്റെ അതിർത്തിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം അവർ വിദേശികളെന്ന് ആരോപിക്കുന്ന നോട്ടീസ് നൽകുകയും അവരുടെ കേസുകൾ ഫോറിനർ ട്രിബ്യൂണലുകളിലേക്ക് കൈമാറുകയും ചെയ്തു. അവിടെ നിരവധി ഹിയറിങ്ങുകൾക്ക് ശേഷം അവരെ വിദേശികളായി പ്രഖ്യാപിക്കുകയും ചെയ്തു,’ ഖാൻ പറഞ്ഞു.

അറസ്റ്റിലായവരെയെല്ലം ഗോൽപാറ ജില്ലയിലെ മാറ്റിയയിൽ ‘വിദേശികൾക്കായി’ പ്രത്യേകം നിർമിച്ച ട്രാൻസിറ്റ് ക്യാമ്പിലേക്ക് അയച്ചതായും പ്രോട്ടോക്കോൾ അനുസരിച്ച് പിന്നീട് ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്നും പൊലീസ് പറഞ്ഞു.

1946 ലെ ഫോറിനേഴ്സ് ആക്ട് പ്രകാരം അനധികൃത കുടിയേറ്റ കേസുകൾ കൈകാര്യം ചെയ്യാനായി രൂപീകരിച്ച അർദ്ധ ജുഡീഷ്യൽ ബോഡികളാണ് ഫോറിനർ ട്രിബ്യൂണലുകൾ. ഡി-വോട്ടർമാരുടെയും (സംശയമുള്ള വോട്ടർമാർ) വിദേശികളുടെയും കേസുകൾ കൈകാര്യം ചെയ്യാൻ അസമിൽ ഇത്തരത്തിൽ നൂറോളം ട്രിബ്യൂണലുകൾ ഉണ്ട്.

സംസ്ഥാനത്ത് ആകെ 1,19,570 ഡി-വോട്ടർമാർ ഉണ്ടെന്നും അതിൽ 54,411 പേരെ ട്രിബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അസം ആഭ്യന്തര വകുപ്പ് ഓഗസ്റ്റ് 22 ന് സംസ്ഥാന നിയമസഭയെ അറിയിച്ചിരുന്നു. 2017 മുതൽ ഇത്തരത്തിൽ 16 ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ട്. 1997ൽ പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം ഡി-വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.

 

 

Content Highlight:   28 declared foreigners arrested in Assam; sent to Matia camp