ആറ് വർഷത്തെ ഇടവേളക്ക് ശേഷം കപ്പിൽ മുത്തമിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്|Dsports
സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ട്രോഫികളുടെ എണ്ണം കൊണ്ടും, മികച്ച ചരിത്രം കൊണ്ടും ലോക ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്ന ക്ലബ്ബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 1878ൽ സ്ഥാപിക്കപ്പെട്ട ക്ലബ്ബിന് എഴുപതിലേറെ ട്രോഫികളാണ് സ്വന്തമായിട്ടുള്ളത്.

എന്നാൽ ഇത്രയും മഹത്തായ ക്ലബ്ബ് നീണ്ട നാളായി വലിയ തിരിച്ചടികളിലൂടെയും അപമാനങ്ങളിലൂടെയുമായിരുന്നു മുന്നോട്ട് പോയിരുന്നത്. 2017ൽ അയാക്സിനെ പരാജയപ്പെടുത്തി യൂറോപ്പ കിരീടം നേടിയ ശേഷം തുടർച്ചയായ ആറാം വർഷത്തിലേക്കാണ് മാൻ യുണൈറ്റഡ് ഒരു കിരീടം പോലും സ്വന്തമാക്കാൻ സാധിക്കാതെ നടന്ന് കയറിയത്.

എന്നാൽ ക്ലബ്ബിന് ഏൽക്കേണ്ടി വന്ന തുടർപരാജയങ്ങളിൽ നിന്നും എറിക് ടെൻ ഹാഗ് എന്ന ഡച്ച് പരിശീലകൻ ചുവന്ന ചെകുത്താന്മാരെ കരകയറ്റിയിരിക്കുകയാണിപ്പോൾ. ടെൻ ഹാഗിന്റെ കീഴിൽ കഴിഞ്ഞ സീസണിലെ ആറാം സ്ഥാനത്ത് നിന്നും ഈ സീസണിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം എന്ന മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറാൻ യുണൈറ്റഡിന് സാധിച്ചു.

ലീഗ് അവസാനിക്കാൻ ഇനിയും 15 മത്സരത്തിലേറെ ഓരോ ക്ലബ്ബിനും ബാക്കിയുണ്ടെങ്കിലും ഇപ്പോൾ കാഴ്ചവെക്കുന്ന പ്രകടനം തുടരാൻ സാധിച്ചാൽ യുണൈറ്റഡിന് പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനങ്ങളിലൊന്ന് കരസ്ഥമാക്കി അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ സാധിക്കും.

ആറ് വർഷമായി തുടരുന്ന കിരീട വരൾച്ചയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷപ്പെടാനുള്ള അവസരമാണ് ഇനിയുള്ള രണ്ട് മത്സരങ്ങളിലായി യുണൈറ്റഡിന് കൈ വരുന്നത്.

ഫെബ്രുവരി 26 നാണ് കരബാവോ കപ്പ് എന്നറിയപ്പെടുന്ന ഇ.എഫ്.എൽ കപ്പിന്റെ ഫൈനൽ. ഇംഗ്ലീഷ് ഫുട്ബോളിലെ ആദ്യ നാല് ടയർ ലീഗുകളിൽപ്പെട്ട 92 ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ ന്യൂ കാസിൽ യുണൈറ്റഡിനെതിരെയാണ് മത്സരിക്കുക.

കളിയിൽ വിജയിക്കാൻ സാധിച്ചാൽ യുണൈറ്റഡിന് തങ്ങളുടെ ആറ് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഒരു കിരീടം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കും.

എന്നാൽ ന്യൂ കാസിൽ യുണൈറ്റഡും ഒരു കിരീടം നേടിയിട്ട് ഏറെ വർഷങ്ങളായി. 1955 ലാണ് ന്യൂ കാസിൽ ഒരു കിരീടം നേടിയത്. ചുരുക്കത്തിൽ ആര് ഇ.എഫ്.എൽ കപ്പിന്റെ ഫൈനൽ വിജയിച്ചാലും ഏറെ വർഷങ്ങൾക്ക് ശേഷം ആരാധകർക്ക് ഒരു കിരീടം എന്ന ആഗ്രഹം സഫലമാക്കാൻ ഇരു ക്ലബ്ബുകൾക്കും സാധിക്കും.

ഇ.എഫ്.എൽ കപ്പ് ഫൈനൽ നടക്കുന്ന ഫെബ്രുവരി 26ന്  രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 24നാണ് യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടർ ക്വാളിഫിക്കേഷനുള്ള യുണൈറ്റഡിന്റെ രണ്ടാം പാദ മത്സരം. കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണയുമായാണ് യുണൈറ്റഡ് മത്സരിക്കുന്നത്.

ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് ന്യൂവിൽ വെച്ച് നടന്ന മത്സരത്തിൽ 2-2 എന്ന നിലയിൽ സമനില വഴങ്ങേണ്ടി വന്നതോടെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന രണ്ടാം പാദ മത്സരം യൂറോപ്പയിലെ ചുവന്ന ചെകുത്താൻമാരുടെ മുന്നേറ്റത്തിന് ഏറെ നിർണായകമാണ്.

ഇതിനൊപ്പം എഫ്.എ കപ്പിലും കിരീടം നേടാൻ യുണൈറ്റഡിന് അവസരമുണ്ട്. ടൂർണമെന്റിന്റെ അഞ്ചാം റൗണ്ടിൽ എത്തിനിൽക്കുന്ന യുണൈറ്റഡിന് തങ്ങൾ നിലവിൽ പ്രകടിപ്പിക്കുന്ന മികവ് ആവർത്തിക്കാൻ സാധിച്ചാൽ എഫ്.എ കപ്പ് എളുപ്പത്തിൽ സ്വന്തമാക്കാവുന്നതേയുള്ളൂ.

കൂടാതെ പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള യുണൈറ്റഡിന് വേണമെങ്കിൽ പ്രീമിയർ ലീഗ് കിരീടത്തിലേക്കും എത്തിപ്പെടാൻ സാധിക്കും. പക്ഷെ അതിന് വമ്പൻ ഫോമിലുള്ള ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി മുതലായ വമ്പൻ ക്ലബ്ബുകൾക്കെതിരെ തുടർച്ചയായി മിന്നും ഫോമിൽ യുണൈറ്റഡിന് കളിക്കാൻ സാധിക്കണം.

എന്നിരുന്നാലും സീസണിൽ ഒരു കിരീടമെങ്കിലും ക്ലബ്ബ് സ്വന്തമാക്കുമെന്ന് തന്നെയാണ് യുണൈറ്റഡിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. കൂടാതെ ക്ലബ്ബ്‌ അടുത്ത തവണ ചാമ്പ്യൻസ് ലീഗ് കളിക്കുമെന്നും അവർ വിശ്യസിക്കുന്നുണ്ട്. ടെൻ ഹാഗിന് കീഴിൽ മികവോടെ കളിക്കുന്ന യുണൈറ്റഡിന് തീർച്ചയായും അതിന് സാധിക്കുമെന്ന് തന്നെയാണ് ഫുട്ബോൾ വിദഗ്ധരടക്കം വിലയിരുത്തുന്നത്.

Content Highlights:United try to win a cup after a gap of six years