| Friday, 23rd April 2021, 5:25 pm

കൊവിഡ് ബാധിതര്‍ക്ക് വിരഫിന്‍ മരുന്ന് അടിയന്തര ഉപയോഗത്തിനായി നല്‍കാം; അനുമതി നല്‍കി ഡി.ജി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗബാധിതര്‍ക്ക് വിരഫിന്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഡി.ജി.സി.ഐ. സൈഡസ് കാഡില എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് വിരഫിന്റെ നിര്‍മാതാക്കള്‍.

പെട്ടെന്ന് രോഗം ഭേദമാവുമെന്നും ഓക്‌സിജന്‍ നല്‍കേണ്ട ആവശ്യം കുറയ്ക്കുമെന്നുമാണ് കമ്പനിയുടെ വാദം. ഈ സാഹചര്യത്തിലാണ് വിരഫിന് ഡി.ജി.സി.ഐ അനുമതി നല്‍കിയിരിക്കുന്നത്.

കൊവിഡ് ബാധിച്ച മുതിര്‍ന്നവരായ രോഗികളില്‍, വിരഫിന്റെ ഒരു ഡോസ് ഉപയോഗിച്ചവരില്‍ 91.15 ശതമാനം പേര്‍ക്കും 7 ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആയിട്ടുണ്ടെന്നാണ് സൈഡസ് പറയുന്നത്.

മറ്റു സങ്കീര്‍ണതകളില്ലാതെ തന്നെ രോഗത്തില്‍ നിന്ന് മുക്തി നേടാമെന്നും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദിനംപ്രതി ഉണ്ടാവുന്നത്. ദല്‍ഹി അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്.

3,32,730 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിയുന്നത്. കൊവിഡ് ബാധിച്ച് 2,263 പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Zydus Cadila’s “Virafin” Approved For Treating Moderate Covid Cases in India

Latest Stories

We use cookies to give you the best possible experience. Learn more