സമൂഹ മാധ്യമങ്ങളില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി കുട്ടികള്‍; മാപ്പ് അപേക്ഷിച്ച് സുക്കന്‍ബെര്‍ഗ്
World News
സമൂഹ മാധ്യമങ്ങളില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി കുട്ടികള്‍; മാപ്പ് അപേക്ഷിച്ച് സുക്കന്‍ബെര്‍ഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 12:00 pm

വാഷിങ്ടണ്‍: സമൂഹ മാധ്യമങ്ങളില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ കുട്ടികളുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് മെറ്റ സി.ഇ.ഒ സുക്കര്‍ബര്‍ഗ്. പ്രതിദിനം 100,000 കുട്ടികള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്ന പരാതിയില്‍ അമേരിക്കന്‍ സെനറ്റില്‍ നടന്ന വിചാരണയിലാണ് സുക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞത്.

ചൂഷണത്തിന് വിധേയരായ കുട്ടികളും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും കടന്നുപോയ എല്ലാ വേദനകള്‍ക്കും താന്‍ മാപ്പ് പറയുന്നതായി വിചാരണയില്‍ മെറ്റ സി.ഇ.ഒ അറിയിച്ചു. ഒരിക്കലും ഇത്തരത്തിലുള്ള അനുഭവം ഒരു കുടുംബത്തിനും വരാതിരിക്കട്ടെയെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആഗോള തലത്തില്‍ മെറ്റ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെറ്റയുടെ പ്രധാന സി.ഇ.ഒമാരായ ഇവാന്‍ സ്‌പൈജല്‍, എക്‌സ് സി.ഇ.ഒ ലിന്‍ഡ യക്കാരിനോ, ടിക് ടോക് സി.ഇ.ഒ ഷൗച്യൂ, ഡിസ്‌കോഡ് സി.ഇ.ഒ ജാസോണ്‍ സിന്‍ഡ്രോണ്‍ എന്നിവരാണ് അമേരിക്കന്‍ സെനറ്റിന്റെ വിചാരണ നേരിടുന്നത്.

2023 ഡിസംബറില്‍ മെറ്റയ്‌ക്കെതിരെ പ്രസ്തുത വിഷയത്തില്‍ ന്യൂ മെക്‌സിക്കോ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ട് പ്ലാറ്റ്‌ഫോമുകളിലുമായി കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന സ്ഥിതിവിവരക്കണക്ക് ആശങ്കാജനകമാണെന്ന് കോടതി അറിയിച്ചിരുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ക്ക് മുതിര്‍ന്നവരുടെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക സ്വഭാവമുള്ള സന്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ആവശ്യപ്പെടാതെയുള്ള സന്ദേശങ്ങള്‍ നേരിട്ട് സ്വീകരിക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകള്‍ മെറ്റ അംഗീകരിച്ചിരുന്നതായി ന്യൂ മെക്സിക്കോ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സുരക്ഷാ മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനി വിസമ്മതിക്കുകയും പണമില്ല എന്ന കാരണത്താല്‍ കുട്ടികളുടെ സുരക്ഷാ പരിഹാരങ്ങള്‍ സ്വീകരിക്കുന്നതില്‍ കമ്പനി പിന്‍വലിയുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Content Highlight: Zuckerberg Apologizes To Child Victims Of Sexual Exploitation On Social Media