വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചു എന്ന് കുറ്റസമ്മതം നടത്തി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കേംബ്രിഡ്ജ് അനലിറ്റിക്ക അമ്പത് ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്കിനെ കൂട്ടുപ്രതിയാക്കി യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സക്കര്‍ബര്‍ഗ് പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
“ഇന്നത്തെ പ്രശ്‌നങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ സ്വീകരിച്ചിരുന്നു. പക്ഷെ, ഞങ്ങള്‍ക്ക് തെറ്റുകള്‍ പറ്റി”, കുറിപ്പില്‍ പറയുന്നു. “കോഗനും കേംബ്രിഡ്ജ് അനലിറ്റിക്കയും ഫേസ്ബുക്കുമായുള്ള വിശ്വാസ വഞ്ചനയായിരുന്നു ഇത്. പക്ഷെ, ഫേസ്ബുക്കിനും ഞങ്ങളെ വിശ്വസിച്ച് വിവരങ്ങള്‍ പങ്കുവെച്ച ഉപഭോക്താക്കള്‍ക്കുമിടയിലുള്ള വിശ്വാസവും നഷ്ടപ്പെട്ടു”, അദ്ദേഹം പറഞ്ഞു.
തെറ്റുകള്‍ തിരുത്തുമെന്നും സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്തുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കില്‍ നിന്നും അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ തേടുന്ന ആപ്ലിക്കേഷനുകള്‍ ഇനിമുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Related News:
കേംബ്രിഡ്ജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് കൂട്ടുപ്രതി