സ്ത്രീകളെ അടിക്കുന്നതും ലൈംഗികമായി ആക്രമിക്കുന്നതും സ്‌ക്രീനില്‍ കാണാം, എന്നാല്‍ ചുംബനം കാണാന്‍ കഴിയില്ല: സോയ അക്തര്‍
indian cinema
സ്ത്രീകളെ അടിക്കുന്നതും ലൈംഗികമായി ആക്രമിക്കുന്നതും സ്‌ക്രീനില്‍ കാണാം, എന്നാല്‍ ചുംബനം കാണാന്‍ കഴിയില്ല: സോയ അക്തര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st August 2024, 8:30 am

ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ബോളിവുഡിന് നല്‍കിയ സംവിധായികയാണ് സോയ അക്തര്‍. അവരുടെ രണ്ടാമത്തെ ചിത്രമായ സിന്ദഗി ന മിലെഗി ദുബാര എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ്.

സിനിമയിലെ സെന്‍സറിങ്ങിന്റെ മോശം വശങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സോയ അക്തര്‍. മുംബൈയില്‍ നടന്ന ഒരു ഇവന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിനിമയില്‍ സ്ത്രീകളെ മര്‍ദിക്കുന്നതും അടിക്കുന്നതും ലൈംഗീകമായി ആക്രമിക്കുന്നതുമെല്ലാം കാണിക്കാമെങ്കില്‍ സ്ത്രീകള്‍ ചുംബിക്കുന്നത് എന്തുകൊണ്ട് കാണിച്ചുകൂടാ എന്ന് ചോദിക്കുകയാണ് സോയ അക്തര്‍.

‘സ്‌ക്രീനില്‍ പരസ്പര സമ്മതത്തോടെയുള്ള അടുപ്പം കാണിക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന കാലത്താണ് ഞാന്‍ വളര്‍ന്നത്. ഇതെല്ലാം അനുവദിച്ചിരുന്നു, പക്ഷേ നിങ്ങള്‍ക്ക് ഒരു സ്ത്രീ ചുംബിക്കുന്നത് സ്‌ക്രീനില്‍ കാണാന്‍ കഴിയില്ലേ? പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള ആര്‍ദ്രമായ സ്‌നേഹത്തെയും ഫിസിക്കല്‍ ഇന്റിമസിയും എല്ലാം കാണാന്‍ ആളുകളെ അനുവദിക്കണം.

ഓരോ സിനിമയ്ക്കും ഒരു ടോണ്‍ ഉണ്ട്, ഓരോ ഫിലിം മേക്കറും വ്യത്യസ്തരീതിയില്‍ കഥ പറയുന്നവരായിക്കും. രമേഷ് സിപ്പിയുടെ ഷോലെ അന്നുണ്ടായതിനേക്കാള്‍ ഒരുപാട് കാലം മുന്നിലേക്ക് സഞ്ചരിച്ചാണ് ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിച്ചിരിക്കുന്നത്. ഇതെല്ലം നിങ്ങള്‍ പ്രേക്ഷകരെ ഉണര്‍ത്താന്‍ വേണ്ടിയുള്ളതാണ്,’ സോയ അക്തര്‍ പറയുന്നു

ലോക സിനിമകളില്‍ ഇന്റിമസി കാണിക്കുന്നത് വ്യത്യസ്ഥമായ രീതിയിലാണെന്നും അതെല്ലാം ഓരോ രാജ്യങ്ങളുടെയും കള്‍ച്ചറിനെ അടിസ്ഥാനമാക്കിയാണെന്നും സോയ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

‘അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രഞ്ചുകാര്‍ പുരുഷ നഗ്‌നത കൂടുതല്‍ കാണിക്കുന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ എത്ര കംഫര്‍ട്ടബിളാണ് എന്നതിനെയും നിങ്ങള്‍ എങ്ങനെ സെക്‌സിനെ കാണുന്നു എന്നും എങ്ങനെയാണ് സ്വന്തം ശരീരത്തെ കാണുന്നത് എന്നതിനെയും അനുസരിച്ചിരിക്കുന്നു,’ സോയ അക്തര്‍ പറയുന്നു.

Content Highlight: Zoya Akhtar Talks About Censorship in Films