കാലിഫോർണിയ: സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചനയുമായി വീഡിയോ കമ്മ്യൂണിക്കേഷൻ കമ്പനിയായ സൂം. ആകെയുള്ള ജീവനക്കാരിൽ 15% പേരെയാണ് പിരിച്ചുവിടുന്നത്.
കമ്പനിയുടെ എല്ലാ മേഖലകളിലേയും തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് നടപടിയെന്ന് സൂം സി.ഇ.ഒ എറിക് എസ്. യുവാൻ പറഞ്ഞു. ജീവനക്കാർക്ക് അയച്ച മെയിലിലാണ് ഇത് സംബന്ധിച്ച പരാമർശമുണ്ടായിരിക്കുന്നത്.
‘കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കമ്പനി ജീവനക്കാരെ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 1300 സഹപ്രവർത്തകരോട് വിടപറയേണ്ടിവരും,’ എറിക് എസ്. യുവാൻ പറഞ്ഞു.
എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ ജോലിയിൽ തുടരുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അതിന് ഞാനും ഉത്തരവാദിയാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നില്ല. വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ ഞാൻ അത് തെളിയിക്കും,’ എറിക് പറഞ്ഞു.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സൂം ആപ്പിന്റെ ഉപയോഗം കാര്യമായി വർധിച്ചിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ അനിശ്ചിതത്വം പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: zoom to layoff 1300 employees