| Monday, 9th November 2020, 11:41 pm

കൊവിഡ് വാക്‌സിന്‍ എത്താറായെന്ന് റിപ്പോര്‍ട്ട്; നഷ്ടം വന്നത് സൂം ആപ്പിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി വാക്‌സിന്‍ നിര്‍മാണ കമ്പനിയായ ഫൈസര്‍ അറിയിച്ചതോടെ നഷ്ടം വന്നത് വീഡിയോ കോള്‍ ആപ്പായ സൂമിന്.

ഫൈസറിന്റ പ്രഖ്യാപനത്തിനു പിന്നാലെ പ്രി മാര്‍ക്കറ്റിംഗ് ട്രേഡിങ്ങില്‍ സൂം ആപ്പിന്റെ 15 ശതമാനം ഓഹരിയാണ് ഇടിഞ്ഞത്. സൂമിന്റെ ഓഹരി 635 ശതമാനം ഉയര്‍ന്നതില്‍ നിന്നും കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തെ ഓഹരി മൂല്യത്തിലേക്ക് തിരിച്ചു വരുന്നെന്നാണ് ദ ഇന്‍ഡിപെന്‍ഡിന്റെ റിപ്പോര്‍ട്ട്.

2020 ഏപ്രില്‍ മുതല്‍ ഉപയോക്താക്കളില്‍ വന്‍ വര്‍ധനവാണ് സൂം ആപ്പിനുണ്ടായത്. 2019 ഡിസംബറില്‍ 10 മില്യണ്‍ ഉപയോക്താക്കളാണ് സൂമിനുണ്ടായിരുന്നതെങ്കില്‍ 2020 മാര്‍ച്ചോടു കൂടി ഇത് 200 മില്യണ്‍ ആയി ഉയര്‍ന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രഖ്യാപിച്ച ലോക്ഡൗണിനു ശേഷം വീഡിയോ കോണ്‍ഫറന്‍സുകളും കോളുകളും വ്യാപകമായതോടെയാണ് സൂം ജനപ്രീതിയാര്‍ജിച്ചത്.

എന്നാല്‍ കൊവിഡ് വാക്‌സിന്‍ ഉടനെത്തും എന്ന വാര്‍ത്ത വന്നതോടെ സൂമിന് ഓഹരി വിപണിയില്‍ ഇടിവ് നേരിടാന്‍ തുടങ്ങി. വാക്‌സിനെത്തിയാല്‍ സൂം ആപ്പിന് പ്രസക്തിയില്ലെന്ന് മുന്നില്‍ കണ്ടാണ് സൂമിലേക്കുള്ള ഓഹരി നിക്ഷേപം കുറഞ്ഞത്.

ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂന്നാം ഘട്ടത്തിലെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ വിജയകരമായ ഡാറ്റ കാണിക്കുന്ന ആദ്യത്തെ വാക്സിനാണ് ഫൈസറിന്റേത്. ഒപ്പം കൊവിഡ് വാക്സിന്‍ വികസനത്തില്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന ലോകത്തെ 10 വാക്സിനുകളിലൊന്നുമാണ് ഇത്. ഈ പത്ത് വാക്സിനുകളില്‍ നാലെണ്ണം സംബന്ധിച്ച് യു.എസില്‍ വിശദപഠനം നടന്നു വരികയാണ്.

അടിയന്തര ഘട്ടത്തില്‍ വാക്സിന്‍ ഉപയോഗിക്കാന്‍ യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാന്‍ ഫൈസര്‍ ഒരുങ്ങുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Zoom shares drop after Pfizer’s coronavirus vaccine announcement

Latest Stories

We use cookies to give you the best possible experience. Learn more