| Friday, 15th May 2020, 6:29 pm

സൊമാറ്റോയില്‍ 13 ശതമാനം തൊഴിലാളികള്‍ പുറത്താവും; മറ്റുള്ളവരുടെ ശമ്പളം പകുതി വെട്ടിക്കുറച്ചു; വരാന്‍ പോകുന്ന പ്രതിസന്ധിയുടെ തുടക്കം മാത്രമാണിതെന്ന് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ തങ്ങളുടെ 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ജൂണ്‍ മുതല്‍ പിരിച്ചുവിടല്‍ ആരംഭിക്കും. പിന്നീടുള്ള ആറ് മാസത്തേക്ക് ശമ്പളത്തിന്റെ പകുതി മാത്രമേ നല്‍കൂ എന്നും കമ്പനി അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്
ഡൗണ്‍ അവസാനിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് കമ്പനി നിര്‍ണായക തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. ലോക്ഡൗണ്‍ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിച്ചെന്നും ഇതുമൂലം സ്തംഭനാവസ്ഥയിലായ വ്യവസായത്തെ മുന്നില്‍കണ്ടുകൊണ്ടാണ് താല്‍ക്കാലികമായി ശമ്പളം വെട്ടിക്കുറക്കുന്നതും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതുമെന്ന് കമ്പനി അറിയിച്ചു.

‘സൊമാറ്റോയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സാഹചര്യമായതിനാല്‍ എല്ലാ ജീവനക്കാരെയും നിലനിര്‍ത്താന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളത്’, ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു.

‘പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന എല്ലാ സഹപ്രവര്‍ത്തകരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. പക്ഷേ 13 ശതമാനം തൊഴിലാളിളെക്കൂടി ഉള്‍പ്പെടുത്തി മുന്നോട്ടുപോകാന്‍ കഴിയില്ല’, അദ്ദേഹം പറഞ്ഞു.

‘ലോക്ഡൗണ്‍ സൊമാറ്റോയെ കാര്യമായി ബാധിച്ചുകഴിഞ്ഞു. പല ഹോട്ടലുകളും പൂര്‍ണമായും അടച്ചുപൂട്ടി. ഇത് വലിയ പ്രതിസന്ധിയുടെ ആരംഭം മാത്രമാണെന്നാണ് മനസിലാക്കുന്നത്. അടുത്ത ആറ് മുതല്‍ 12 മാസങ്ങള്‍ക്കുള്ളില്‍ 25-40 ശതമാനം ഹോട്ടലുകളും പ്രവര്‍ത്തനം അവസാനിപ്പിക്കും. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് നല്ലതാണോ മോശമാണോ എന്ന് പറയാന്‍ കൂടി കഴിയില്ല’, ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് എത്രയും പെട്ടെന്ന് മറ്റൊരു ജോലി കണ്ടെത്താന്‍ സഹായിക്കുമെന്ന് സൊമാറ്റോയുടെ സഹ സ്ഥാപകനും സി.ഒ.ഒയുമായ ഗൗരവ് ഗുപ്തയും ഫുഡ് ഡെലിവറി വിഭാഗം സി.ഇ.ഒ മോഹിത് ഗുപ്തയും പിരിച്ചുവിട്ട തൊഴിലാളികളോട് പറഞ്ഞു. സൊമാറ്റോ കഴിയുന്നത്രയും കാലം ഈ തൊഴിലാളികളെ സാമ്പത്തികമായും വൈകാരികമായും സഹായിക്കുമെന്നും അവര്‍ അറിയിച്ചു.

പിരിച്ചുവിടല്‍ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളുമായി കമ്പനി മാനേജ്‌മെന്റ് സൂം മെസഞ്ചര്‍ വഴി 24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെടും. ജോലിയില്‍ തുടരുന്ന തൊഴിലാളികള്‍ക്ക് ആറ് മണിക്കൂറിനുള്ളില്‍ സന്ദേശം കൈമാറുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more