| Tuesday, 19th October 2021, 8:15 pm

ഹിന്ദി അറിയാത്തതിന്റെ പേരില്‍ മോശമായി പെരുമാറി; ഉപഭോക്താവിനോട് തമിഴില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി പെരുമാറിയ വിഷയത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റൊ. സമൂഹ മാധ്യമങ്ങളിലെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സൊമാറ്റോ പരസ്യമായി മാപ്പ് പറഞ്ഞത്.

കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച തമിഴ്‌നാട് സ്വദേശിയോട് സൊമാറ്റോ ജീവനക്കാരന്‍ മല്‍കിയ മറുപടിയില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

താന്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളില്‍ ഒരെണ്ണം കുറവാണെന്നും, അതിനാല്‍ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വികാസ് എന്ന ഉപഭോക്താവ് സൊമാറ്റൊ കസ്റ്റമര്‍ കെയര്‍ ഏജന്റിനെ സമീപിച്ചത്.

ഇതിന് മറുപടി പറയുന്നതിനിടെ രാഷ്ട്രഭാഷയായ ഹിന്ദി അല്‍പമെങ്കിലും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് പറയുകയായിരുന്നു.

ഈ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടടക്കം വികാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് സൊമാറ്റോയ്‌ക്കെതിരെ ഉയര്‍ന്നുവന്നത്. #RejectZomato, #StopHindiImposition എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്റിംഗാവുകയായിരുന്നു.

ഡി.എം.കെ നേതാവായ കനിമൊഴിയും സൊമാറ്റോയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നികുന്നു. ‘ചില കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ ചില തെരഞ്ഞടുക്കപ്പെട്ട ഭാഷകളില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു.

ഏത് നാട്ടിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് അന്നാട്ടിലെ പ്രാദേശിക ഭാഷയിലും അവര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. കസ്റ്റമറിന് ഹിന്ദിയോ ഇംഗ്ലീഷോ അറിഞ്ഞിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. #Hindi_Theriyathu_poda,’ എന്നാണ് കനിമൊഴി ട്വീറ്റ് ചെയ്തത്.

കനിമൊഴിയുടെ ട്വീറ്റിന് പിന്നാലെ സൊമാറ്റോയും ഇംഗ്ലീഷിലും തമിഴിലും പ്രതികരണവുമായി രംഗത്ത് വന്നു.

‘വണക്കം വികാസ്, ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ പ്രവര്‍ത്തിയില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അടുത്ത തവണ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് കരുതുന്നു. പ്ലീസ് ഡോണ്ട് റിജക്ട് സൊമാറ്റോ,’ എന്നാണ് സൊമാറ്റോ ഖേദം പ്രകടിപ്പിച്ചത്. പ്രസ്തുത കസ്റ്റമര്‍ കെയര്‍ ഏജന്റിനെ പുറത്താക്കിയതായും സൊമാറ്റോ അറിയച്ചു.

സൊമാറ്റോയുടെ തമിഴ് ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാദേശിക ഭാഷയില്‍ കോയമ്പത്തൂരില്‍ ഒരു കോള്‍ സെന്റര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്നും സൊമാറ്റോ അധികൃതര്‍ അറിയിച്ചു.

ചിക്കന്‍ റൈസും പെപ്പര്‍ ചിക്കനുമായിരുന്നു വികാസ് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ചിക്കന്‍ റൈസ് മാത്രമാണ് വികാസിന് ലഭിച്ചത്. എന്നാല്‍ ഈ രണ്ട് വിഭവങ്ങളുടേയും പണം വികാസില്‍ നിന്ന് സൊമാറ്റോ ഈടാക്കുകയും ചെയ്തിരുന്നു. ഹോട്ടലില്‍ വികാസ് വിളിച്ചപ്പോള്‍ പരാതി കൊടുക്കാനും സൊമാറ്റോയില്‍ നിന്ന് പണം വാങ്ങാനുമാണ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഇക്കാര്യം സൊമാറ്റോയെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കസ്റ്റമര്‍ കെയര്‍ ഏജന്റ് പണം നല്‍കുന്ന കാര്യം സ്ഥിരീകരിക്കാന്‍ ഹോട്ടലുകാരെ വിളിച്ചു. പക്ഷേ തമിഴ് ഭാഷ അറിയാത്തതിനാല്‍ അവര്‍ പറഞ്ഞത് ഏജന്റിന് മനസിലായില്ല.

ഇക്കാര്യം വികാസിനെ അറിയിച്ചപ്പോള്‍ തമിഴ് ഭാഷ അറിയുന്നവരെ തമിഴ്നാട്ടില്‍ ജോലിക്കെടുക്കണമെന്നായിരുന്നു വികാസിന്റെ മറുപടി. അപ്പോഴാണ് രാഷ്ട്രഭാഷ ആയ ഹിന്ദി അല്‍പമെങ്കിലും എല്ലാവരും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് പറഞ്ഞത്.

ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ സൊമാറ്റോയ്‌ക്കെതിരായ ക്യാംപെയ്‌നുകള്‍ ഉയര്‍ന്നുവന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Zomato responds after employee tells TN customer ‘everyone should know little Hindi’

We use cookies to give you the best possible experience. Learn more