| Wednesday, 20th March 2024, 10:32 am

'പ്യുവര്‍ വെജ്' മോഡ് അവതരിപ്പിച്ച് സൊമാറ്റോ; പിന്നാലെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ മാര്‍ച്ച് 19 ന് ‘പ്യുവര്‍ വെജ്’ ഡെലിവറി സിസ്റ്റം ആരംഭിച്ചു. മാംസം, മത്സ്യം അല്ലെങ്കില്‍ മുട്ട എന്നിവയുള്ള വിഭവങ്ങള്‍ നല്‍കാത്ത റെസ്റ്റോറന്റുകളില്‍ നിന്ന് ഓര്‍ഡറുകള്‍ വിതരണം ചെയ്യാനാണ് പ്യുവര്‍ വെജ് ഫ്‌ളീറ്റ് എന്ന പേരില്‍ പുതിയ സിസ്റ്റം തുടങ്ങിയത്. ഫ്‌ലീറ്റിലെ ഡെലിവെറി ബോയ്‌സിന് ധരിക്കാന്‍ പച്ച യൂണിഫോമും, ബൈക്കുകളില്‍ പച്ച ബോക്‌സുകളുമാണ് നല്‍കുന്നത്.

ഇത്തരം യൂണിഫോമും ബോക്‌സുകളുമുള്ള പ്രമോഷണല്‍ ചിത്രങ്ങള്‍ സൊമാറ്റോ പങ്കുവെച്ചു. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകളില്‍ നിന്നുള്ള ഒരു ഓര്‍ഡറിനും കമ്പനി ‘പ്യുവര്‍ വെജ്’ ഡെലിവറി പങ്കാളികളെ നിയോഗിക്കില്ലെന്നും അറിയിച്ചു.

ചില വെജിറ്റേറിയന്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഈ പ്രഖ്യാപനത്തെ പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്തപ്പോള്‍, ആപ്പ് അധിഷ്ഠിത തൊഴിലാളി യൂണിയനുകള്‍, ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ ഈ നടപടിക്കെതിരെ എതിര്‍പ്പ് പ്രഖ്യാപിച്ചു. ഗ്രൗണ്ട് ലെവല്‍ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കെതിരായി ഈ നീക്കം മാറുമെന്നും, അവര്‍ക്ക് നേരെയുള്ള പീഡനത്തിലേക്കും അക്രമത്തിലേക്കും ഇത് എത്തിക്കുമെന്നും അവര്‍ വാദിച്ചു.

‘കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു സൊമാറ്റോ ഉപഭോക്താവ് തനിക്കുള്ള ഡെലിവറിക്ക് വേണ്ടി ഒരു പ്രത്യേക മതത്തിലുള്ള ആളെ അസൈന്‍ ചെയ്യണമെന്ന ആവശ്യത്തോട്, ‘ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞയാളാണ് സൊമാറ്റോ സി.ഇ.ഓ ദീപേന്ദര്‍ ഗോയല്‍. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് പിന്നോട്ട് പോയ ദീപേന്ദര്‍ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ തരം തിരിക്കാന്‍ പോകുന്നതിന്റെ കാരണമെന്താണ്?’ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ്(ഐ.എഫ്.എ.ടി.) യുടെ പ്രസിഡന്റ് ഷെയ്ഖ് സലാലുദ്ദീന്‍ പ്രതികരിച്ചു.

ശിവഗംഗയിലെ കോണ്‍ഗ്രസ് എം.പി കാര്‍ത്തി.പി. ചിദംബരം ഈ നീക്കത്തെ സാമൂഹത്തെ പിന്തിരിപ്പിക്കുന്നതും വിവേചനപരവുമായ നടപടിയെന്ന് അഭിപ്രായപ്പെട്ടു.

എന്നാല്‍ യാതൊരു അജണ്ടയും ഇല്ലാത്ത നടപടിയാണ് ഇതെന്നും ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഇത് ആരംഭിച്ചതെന്നും ഗോയല്‍ വ്യക്തമാക്കി

Content Highlight: Zomato introduced Pure veg fleet and it faces criticism

We use cookies to give you the best possible experience. Learn more