കൊല്‍ക്കത്ത: ഭക്ഷണത്തെച്ചൊല്ലി സൊമാറ്റോ വീണ്ടും വിവാദത്തില്‍. ഇത്തവണ സൊമാറ്റോയ്ക്കുള്ളില്‍ത്തന്നെയാണു വിവാദമുണ്ടായിരിക്കുന്നത്. ഭക്ഷണം ഡെലിവര്‍ ചെയ്യുന്നതു പലപ്പോഴും തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ടെന്നാരോപിച്ച് നാളെമുതല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ്‌സ് സമരത്തിനിറങ്ങും.
ഈയാഴ്ച പെരുന്നാള്‍ നടക്കാനിരിക്കെ ബീഫും പോര്‍ക്കും ഡെലിവര്‍ ചെയ്യാനാവില്ലെന്ന നിലപാടിലാണ് ഇവര്‍. ജീവനക്കാരുടെ മതവികാരത്തെ ഉപയോഗിക്കരുതെന്നാണ് ഇവരുടെ ആവശ്യം.
സൊമാറ്റോയുടെ അധികൃതരെ തങ്ങള്‍ പരാതി അറിയിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.
മൗസിന്‍ അക്തര്‍ എന്ന ഡെലിവറി ബോയ് പറയുന്നതിങ്ങനെ- ‘അടുത്തിടെ ഒട്ടേറെ മുസ്‌ലിം റെസ്റ്റോറന്റുകള്‍ സൊമാറ്റോയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പക്ഷേ ചില ഹിന്ദു ഡെലിവറി ബോയ്‌സ് ബീഫ് ഡെലിവര്‍ ചെയ്യാന്‍ വിസ്സമതിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഞങ്ങളോട് പോര്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞങ്ങള്‍ സമ്മതിച്ചില്ല.
മാത്രമല്ല, ഞങ്ങള്‍ക്കു പണം നല്‍കുന്നതിലും ചില പ്രശ്‌നങ്ങളുണ്ട്. അതുപോലെ മെഡിക്കല്‍ സൗകര്യങ്ങളുമായും ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്.
ഈ പ്രശ്‌നങ്ങളൊക്കെയും ഞങ്ങള്‍ തമ്മിലുള്ള സഹോദരബന്ധത്തെ ബാധിക്കുന്നുണ്ട്. ഞങ്ങളുടെ മതം അനുവദിക്കാത്ത ഭക്ഷണം വിതരണം ചെയ്യേണ്ടിവരുന്നത് ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ട്.
കമ്പനിക്ക് എല്ലാമറിയാം. പക്ഷേ ഞങ്ങളെ സഹായിക്കുന്നതിനു പകരം ഞങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അവര്‍ ചെയ്യുന്നത്.’
ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഭക്ഷണം ഡെലിവര്‍ ചെയ്യുന്നതെന്നും എന്നാല്‍ മതപരമായ അടിസ്ഥാന അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു.
കൊല്‍ക്കത്തയ്ക്കടുത്ത് ഹൗറയിലുള്ള ബജ്‌രാജ് നാഥ് ബ്രഹ്മ എന്നൊരു ജീവനക്കാരന്‍ പറയുന്നതിങ്ങനെ- ‘ഞാനൊരു ഹിന്ദുവാണ്. ചിലര്‍ മുസ്‌ലിങ്ങളുണ്ട്. പരസ്പരം ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല.
സൊമാറ്റോ അടുത്തിടെ ചില പുതിയ റെസ്റ്റോറന്റുകളുമായി കൈകോര്‍ത്തിട്ടുണ്ട്. ഏതു സാഹചര്യത്തിലും ഞങ്ങളോടു ജോലി ചെയ്യാനാണ് സൊമാറ്റോ ആവശ്യപ്പെടുന്നത്. എന്തു വിലകൊടുത്തും ഭക്ഷണം കാന്‍സല്‍ ചെയ്യാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
ഏതെങ്കിലും പ്രത്യേക ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ ഞങ്ങള്‍ വിസ്സമതിച്ചാല്‍ അത് തര്‍ക്കത്തില്‍ അവസാനിക്കും. മാനേജര്‍ ആ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
മുസ്‌ലിങ്ങളും ഹിന്ദുക്കളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. കമ്പനി ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു. അടിയന്തരമായി ഇതവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തിങ്കളാഴ്ച മുതല്‍ ഞങ്ങള്‍ സേവനം അവസാനിപ്പിക്കുകയാണ്.’-
വിഷയത്തില്‍ അന്വേഷണം നടത്തുമെന്നു പറഞ്ഞ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ രജീബ് ബാനര്‍ജി, ജീവനക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.