ചണ്ഡിഗഢ്: ഭക്ഷണമെത്തിക്കുന്നതിനിടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ റെവാരിയില്‍ വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ ഫോണും പേഴ്‌സും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മോഷണം നടത്താനുദ്ദേശിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മോഡല്‍ ടൗണ്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിയാനയിലെ പല്‍വാലിലെ മുപ്പതു വയസുകാരനായ മഹേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഞായറാഴ്ച വൈകി ഭക്ഷണം ഡെലിവറി ചെയ്യാന്‍ പോയപ്പോഴാണ് മഹേന്ദ്ര സിംഗിന് വെടിയേല്‍ക്കുന്നതെന്ന് പൊലീസ് പറയുന്നു.
ടൗണ്‍ഷിപ്പിന് സമീപം ഇയാള്‍ വെടിയേറ്റു കിടക്കുന്നതുകണ്ട വഴിയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ഉടനെ സംഭവസ്ഥലത്തെത്തുകയും വെടിയേറ്റു വീണ മഹേന്ദ്ര സിംഗിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
വയറ്റിലായിരുന്നു ഇയാള്‍ക്ക് വെടിയേറ്റിരുന്നതെന്നും ഇയാളുടെ പേഴ്‌സ് മൊബൈല്‍ തുടങ്ങിയവ നഷ്ടപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് മഹേന്ദ്ര സിംഗ് മരണപ്പെടുന്നത്.
‘സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്,’ റെവാരി ഡി.എസ്.പി മുഹമ്മദ് ജമാല്‍ പറഞ്ഞു.
ദല്‍ഹിയില്‍ സൊമാറ്റോ ഡെലിവറിമാന്‍ മരിച്ച് ഒരാഴ്ചക്കുള്ളിലാണ് ഹരിയാനയില്‍ മറ്റൊരാള്‍ വെടിയേറ്റു മരിക്കുന്നത്. മദ്യപിച്ച് ഓവര്‍സ്പീഡില്‍ വന്ന പൊലീസീന്റെ എസ്.യു.വി ഇടിച്ചായിരുന്നു ദല്‍ഹിയില്‍ ഡെലിവറിമാന്‍ മരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: Zomato Delivery Man Shot Dead In Haryana While Dropping Off Food Order