മുസ്‌ലിമാണെന്ന് അറിഞ്ഞതോടെ സൊമാറ്റോ ജീവനക്കാരന് നേരെ ആക്രമണം; നാല് പേര്‍ക്കെതിരെ കേസ്
India
മുസ്‌ലിമാണെന്ന് അറിഞ്ഞതോടെ സൊമാറ്റോ ജീവനക്കാരന് നേരെ ആക്രമണം; നാല് പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 6:03 pm

ലഖ്‌നൗ: ഭക്ഷണം ഡെലിവറി നല്‍കാന്‍ പോയ മുസ്‌ലിം യുവാവിന് വീട്ടുടമസ്ഥരുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. രാത്രി വൈകി ഭക്ഷണം എത്തിക്കാന്‍ പോയ അസ്‌ലം എന്ന യുവാവിനാണ് ആക്രമണം നേരിട്ടത്. വീട്ടില്‍ വെച്ച് നാലുപേര്‍ ചേര്‍ന്ന് അക്രമിക്കുകയും ഒരു മണിക്കൂര്‍ ബന്ദിയാക്കുകയും ചെയ്യുകയായിരുന്നു.

തന്റെ പേര് ചോദിക്കുകയും പിന്നാലെ മതം പറഞ്ഞ് അധിക്ഷേപിക്കുകയുമായിരുന്നെന്ന് അസ്‌ലം പറഞ്ഞു. അസ്‌ലമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

സൊമാറ്റോയുടെ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് അസ്‌ലം . ആഗസ്റ്റ് 20 ന് വന്ന ഓര്‍ഡര്‍ ഡെലിവറി കൊടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് യുവാവിന് അക്രമം നേരിടേണ്ടി വന്നത്.

ലഖ്‌നൗവിലെ ഗോമതി നഗറിലെ ഒരു വീട്ടില്‍ എത്തിയ അസ്‌ലം ഡെലിവറി എടുക്കാന്‍ ഉടമസ്ഥനെ വിളിച്ചപ്പോള്‍ അയാള്‍ ഭക്ഷണം കഴിക്കുകയാണെന്നും മുകളിലത്തെ നിലയില്‍ കൊണ്ടുകൊടുക്കാനും ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ഡെലിവറിക്ക് പോകേണ്ടതിനാല്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചെങ്കിലും മുകളില്‍ കൊണ്ടുകൊടുക്കുകയായിരുന്നു.

പിന്നാലെ ആദ്യത്തെ നിലയില്‍ എത്തിയതും വരാന്‍ മടിച്ചതിന്റെ പേരില്‍ നാലുപേരിലൊരാള്‍ മദ്യപിച്ചുകൊണ്ട് അയാളെ ശകാരിച്ചു. മറ്റൊരാള്‍ കോളറയില്‍ പിടിച്ച് അകത്തേക്ക് വലിക്കുകയുമായിരുന്നു. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു അവര്‍ പ്രതികരിച്ചതെന്നും അസ്‌ലം പറഞ്ഞു.

‘അവര്‍ എന്നോട് പേര് ചോദിച്ചു. എന്റെ മുസ്‌ലിം പേര് കാരണം എന്നെ അവര്‍ കൂടുതല്‍ പീഡിപ്പിച്ചു,’ അസ്‌ലം പറഞ്ഞു.

മാനസികവും ശാരീരികവുമായി അവര്‍ പീഡിപ്പിച്ചു എന്നാണ് അസ്ലം പറയുന്നത്. ഹെല്‍മെറ്റ് ഉപയോഗിച്ച് തലക്കടിച്ചെന്നും മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവര്‍ തന്റെ ദേഹത്ത് മദ്യമൊഴിക്കുകയും തിളച്ചവെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അസ്‌ലം പറയുന്നു.

അക്രമികള്‍ ചേര്‍ന്ന് അയാളുടെ ഫോണ്‍ പിടിച്ചുവാങ്ങിയതായും ഇതിനെ തുടര്‍ന്ന് വന്ന ഓര്‍ഡറുകളൊന്നും എത്തിച്ചു നല്‍കാന്‍ തനിക്കായില്ലെന്നും യുവാവ് പറഞ്ഞു. ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്നും മോശമായി പെരുമാറിയെന്നും സമ്മതിച്ചുകൊണ്ട് അപേക്ഷയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും അസ്‌ലം പറയുന്നു.

പ്രതികള്‍ക്കെതിരെ ഭീഷണിപ്പെടുത്തല്‍, ജോലിക്ക് തടസ്സമേര്‍പ്പെടുത്തല്‍, മനപൂര്‍വ്വം അപമാനിക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ലഖ്‌നൗ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പങ്കജ് കുമാര്‍ സിങ്ങ് പറഞ്ഞു.

Content Highlight: zomato boy assaulted when he found out he was a muslim; case against four persons