ന്യൂദല്‍ഹി: ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം യുവാവ് മടക്കിയയച്ച സംഭവത്തില്‍ സൊമാറ്റോയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണ ലഭിച്ചെങ്കിലും വാണിജ്യപരമായി തിരിച്ചടി നേരിട്ടേക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വന്‍തോതില്‍ മോശം റിവ്യൂകള്‍ ലഭിച്ചതോടെ സൊമാറ്റോയുടെ റേറ്റിങ് കുത്തനെ താഴാന്‍ സാധ്യതയുണ്ട്.
ഈ സംഭവത്തിനുശേഷം സൊമാറ്റോയ്ക്കു ലഭിച്ച 2,017 റിവ്യൂകളില്‍ 1,569 എണ്ണത്തിലും ഒന്നാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്. 448 എണ്ണത്തില്‍ മാത്രമാണ് അഞ്ച് സ്റ്റാര്‍ ലഭിച്ചത്.
സൊമാറ്റോയെ ഒരു പാഠം പഠിപ്പിക്കും എന്നാണ് ഒരു റിവ്യൂയില്‍ എഴുതിയിരിക്കുന്നത്. ഹിന്ദുക്കളോട് കളിക്കരുത് എന്നായിരുന്നു ഒരാള്‍ എഴുതിയത്. ഏകദേശം 11 ശതമാനം റിവ്യൂയിലും ഹിന്ദു എന്ന വാക്കും ഉണ്ട്.
നിലവില്‍ പ്ലേസ്റ്റോറില്‍ 4.3 സ്റ്റാര്‍ റേറ്റിങ്ങുണ്ട്. മോശം റിവ്യൂകള്‍ തുടര്‍ന്നാല്‍ ഏതുസമയവും റേറ്റിങ് താഴും.
ഫയാസ് എന്ന യുവാവിനേയായിരുന്നു ഡെലിവറി ഏജന്റായി സൊമാറ്റോ ജബല്‍പൂരിലേക്ക് അയച്ചത്. ഫയാസിനെ സംബന്ധിച്ച് സാധാരണ ഒരു ദിവസം മാത്രമായിരുന്നു അത്. എന്നാല്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. സംഭവം തന്നെ ഏറെ വേദനിപ്പിച്ചു എന്നാണ് മാധ്യമപ്രവര്‍ത്തകരോട് ഫയാസ് പ്രതികരിച്ചത്.
‘അത് എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ എനിക്ക് എന്തു ചെയ്യാനാവും… ഞങ്ങള്‍ പാവപ്പെട്ടവരാണ് ഇത്തരം കാര്യങ്ങളെല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍’-എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയെ കുറിച്ചും പ്രിയപ്പെട്ട ഉപഭോക്താക്കളെ കുറിച്ചും പങ്കാളികളെ കുറിച്ചും ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ബിസിനസില്‍ എന്തെങ്കിലും നഷ്ടമുണ്ടായാല്‍ പോലും തങ്ങള്‍ അത് കാര്യമാക്കുന്നില്ല എന്നായിരുന്നു സൊമാറ്റോ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയലും പ്രതികരിച്ചത്.
‘ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട”- എന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അമിതിന് മറുപടിയുമായി സൊമാറ്റോ തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു.
‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ ട്വിറ്ററില്‍ കുറിച്ചത്. ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു.
സൊമാറ്റോയ്ക്ക് പിന്തുണ അറിയിച്ച് മറ്റൊരു ഫുഡ് ഡെലിവറി സ്ഥാപനമായ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയടക്കം രംഗത്തെത്തിയിരുന്നു. ‘സൊമാറ്റോ, ഞങ്ങള്‍ ഉണ്ട് നിങ്ങളുടെ കൂടെ’ എന്ന് ട്വീറ്റ് ചെയ്തായിരുന്നു ഊബര്‍ ഈറ്റ്‌സ് തങ്ങളുടെ പിന്തുണ അറിയിച്ചത്.