Entertainment
എന്റെ മുത്തശ്ശി 1961ല്‍ ഇവിടെ കുടിയേറിയതാണ്, കുടിയേറ്റക്കാരുടെ അഭിമാനമുള്ള മകളാണ് ഞാന്‍, ഓസ്‌കര്‍ വേദിയില്‍ ട്രംപിനെതിരെ സോയി സെല്‍ഡാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 07:01 am
Monday, 3rd March 2025, 12:31 pm

95ാമത് അക്കാഡമി അവാര്‍ഡ് പ്രഖ്യാപനം അവസാനിച്ചിരിക്കുകയാണ്. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ഹോളിവുഡ് ചിത്രം അനോറയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് വേദിയില്‍ തിളങ്ങിയത്. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച സിനിമയുള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ സ്വന്തമാക്കി.

ഫ്രഞ്ച് ചിത്രമായ എമിലിയ പെരസാണ് അവാര്‍ഡ് വേദിയില്‍ തിളങ്ങിയ മറ്റൊരു ചിത്രം. ജാക്ക്‌സ് ഒഡിയര്‍ഡ് സംവിധാനം ചെയ്ത ചിത്രം മികച്ച സഹനടി, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് എമിലിയ പെരെസ് അവാര്‍ഡ് നേടിയത്. സഹനടിക്കുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സോയി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ച.

കരിയറില്‍ തന്റെ കൂടെ സപ്പോര്‍ട്ട് ചെയ്ത് നിന്ന അമ്മക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സോയി തന്റെ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ അതിലും ശ്രദ്ധേയമായത് കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപിന്റ ഭരണകൂടം നടത്തുന്ന നടപടിക്കെതിരയെുള്ള സോയിയുടെ വാക്കുകളാണ് തന്റെ മുത്തശ്ശിയെ ഈ സമയം മിസ് ചെയ്യുന്നു എന്ന് പറഞ്ഞ സോയി 1961ല്‍ അമേരിക്കയിലേക്ക് കുടിയേറി വന്നയാളാണ് തന്റെ മുത്തശ്ശിയെന്ന് കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാരുടെ അഭിമാനമുള്ള മകളാണ് താനെന്നും സോയി അവാര്‍ഡ് വേദിയില്‍ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ വന്‍ കരഘോഷം സദസില്‍ ഉയരുകയും ചെയ്തു. ഒരു സ്പാനിഷ് ചിത്രത്തിലെ അഭിനയത്തിന് താന്‍ അവാര്‍ഡ് നേടുന്നത് കാണാന്‍ മുത്തശ്ശിയുണ്ടായിരുന്നെങ്കില്‍ അവര്‍ അഭിമാനിച്ചേനെയെന്നും സോയി പറഞ്ഞു. തന്റെ കൂടെ എല്ലാ കാര്യത്തിനും കൂടെ നില്‍ക്കുന്ന പങ്കാളി കെയ്ത്ത് ബ്രിറ്റനെക്കുറിച്ചും സംസാരിച്ചിരുന്നു.

‘മമ്മീ, എനിക്കറിയാം നിങ്ങളിത് കാണുന്നുണ്ടെന്ന്. ഐ ലവ് യൂ. നിങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു. നിങ്ങള്‍ എനിക്ക് തന്ന സപ്പോര്‍ട്ട് അത്രമാത്രം വലുതാണ്. എന്റെ മുത്തശ്ശിയെക്കുറിച്ച് പറയാതെ എനിക്ക് ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. 1960ല്‍ അര്‍ജന്റീനയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് എന്റെ മുത്തശ്ശി. കുടിയേറ്റക്കാരുടെ അഭിമാനമുള്ള മകളാണ് ഞാന്‍.

ഓസ്‌കര്‍ അവാര്‍ഡ് നേടുന്ന ആദ്യത്തെ അമേരിക്കന്‍ ഡൊമിനിക്കന്‍ ഒറിജിന്‍ വ്യക്തിയാണ് ഞാന്‍. ഈ യാത്രയില്‍ എന്റെ കൂടെ നിന്ന പങ്കാളി കെയ്ത്ത്, ഈ അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കുണ്ട്. ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് നടക്കാം,’ സോയി സെല്‍ഡാന പറഞ്ഞു.

നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ നടിയാണ് സോയി സെല്‍ഡാന. ജെയിംസ് കാമറൂണിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ അവതാറില്‍ നെയ്റ്റിരി എന്ന കഥാപാത്രമായെത്തിയത് സോയി ആയിരുന്നു. മാര്‍വല്‍ സ്റ്റുഡിയോസിന്റെ ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സിയിലെ ഗമോറ എന്ന കഥാപാത്രത്തിലൂടെ സോയി കൂടുതല്‍ ശ്രദ്ധ നേടി.

Content Highlight: Zoe Seldana’s speech on Oscar stage against Trump is in discussion