ഖത്തര്‍ ലോകകപ്പ് അന്തിമ ഘട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. സെമി ഫൈനലിലെ ആദ്യ പോരാട്ടത്തില്‍ ക്രൊയേഷ്യ അര്‍ജന്റീനയെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ കീഴ്‌പ്പെടുത്തി അര്‍ജന്റീന സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചപ്പോള്‍ കരുത്തരായ ബ്രസീലിനെ തകര്‍ത്താണ് ക്രൊയേഷ്യയുടെ മുന്നേറ്റം.
സെമിയില്‍ അര്‍ജന്റീനയെ നേരിടുന്നതിന് മുമ്പ് മത്സരത്തെ എങ്ങനെ കാണുന്നു എന്നതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍ ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌കോ ദാലിച്ച്. ബ്രസീലിനോട് ചെയ്തത് അര്‍ജന്റീനയോട് ആവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് മറ്റൊന്നും ഭയക്കാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
‘മെസി മികച്ച താരമാണെന്ന് ഞങ്ങള്‍ക്കറിയാം. പന്ത് കൈവശം വെക്കാന്‍ അവന് ഭയങ്കര ഇഷ്ടമാണ്. ബ്രസീലിനോട് ഞങ്ങള്‍ ചെയ്തത് ഇവിടെയും ആവര്‍ത്തിക്കുകയാണെങ്കില്‍ അര്‍ജന്റീനയെയും പരാജയപ്പെടുത്താനാകും. അതുകൊണ്ടുതന്നെ ഫൈനല്‍ പോരാട്ടങ്ങളെ കുറിച്ച് ഭയപ്പെടുന്നില്ല,’ ദാലിച്ച് പറഞ്ഞു.
സെമിഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാല്‍ തുടര്‍ച്ചയായി രണ്ടാം തവണയും തന്റെ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുവാന്‍ ദാലിച്ചിന് സാധിക്കും.
അതേസമയം കരിയറിലെ അവസാന ലോകകപ്പനിറങ്ങുന്ന സൂപ്പര്‍താരം ലയണല്‍ മെസിക്ക് രാജ്യത്തിനായി വിശ്വകിരീടമുയര്‍ത്തുക എന്ന മോഹം കൂടിയേ ബാക്കിയുള്ളൂ.
കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നേടിക്കഴിഞ്ഞ അര്‍ജന്റൈന്‍ പടക്ക് ലോകകപ്പ് ട്രോഫിയില്‍ എന്തുകൊണ്ടോ മുത്തമിടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ നിശ്ചയദാര്‍ഢ്യത്തോടെയാണ് ടീമിന്റെ മുന്നേറ്റം.