ബ്രസീലിനെ പൂട്ടിയെങ്കിൽ, അർജന്റീനയെയും എന്തുചെയ്യണമെന്നറിയാം: ക്രൊയേഷ്യൻ കോച്ച്
ഖത്തർ ലോകകപ്പ് സെമി ഫൈനലിലേക്ക് കടക്കുമ്പോൾ ക്രൊയേഷ്യയാണ് അർജന്റീനയെ നേരിടാനൊരുങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ കീഴ്പ്പെടുത്തി അർജന്റീന സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചപ്പോൾ കരുത്തരായ ബ്രസീലിനെ തകർത്താണ് ക്രൊയേഷ്യയുടെ മുന്നേറ്റം.
സെമിയിൽ അർജന്റീനയെ നേരിടുന്നതിന് മുമ്പ് മത്സരത്തെ എങ്ങനെ കാണുന്നു എന്നതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ദാലിച്ച്. ബ്രസീലിനോട് ചെയ്തത് അർജന്റീനയോട് ആവർത്തിക്കുകയാണെങ്കിൽ തങ്ങൾക്ക് മറ്റൊന്നും ഭയക്കാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
മെസി മികച്ച താരമാണെന്ന് ഞങ്ങൾക്കറിയാം. പന്ത് കൈവശം വെക്കാൻ അവന് ഭയങ്കര ഇഷ്ടമാണ്. ബ്രസീലിനോട് ഞങ്ങൾ ചെയ്തത് ഇവിടെയും ആവർത്തിക്കുകയാണെങ്കിൽ അർജന്റീനയെയും പരാജയപ്പെടുത്താനാകും. അതുകൊണ്ടുതന്നെ ഫൈനൽ പോരാട്ടങ്ങളെ കുറിച്ച് ഭയപ്പെടുന്നില്ല, ദാലിച്ച് പറഞ്ഞു.
അതേസമയം കരിയറിലെ അവസാന ലോകകപ്പനിറങ്ങുന്ന സൂപ്പർതാരം ലയണൽ മെസിക്ക് രാജ്യത്തിനായി വിശ്വകിരീടമുയർത്തുക എന്ന മോഹം കൂടിയേ ബാക്കിയുള്ളൂ.
കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നേടിക്കഴിഞ്ഞ അർജന്റൈൻ പടക്ക് ലോകകപ്പ് ട്രോഫിയിൽ എന്തുകൊണ്ടോ മുത്തമിടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ നിശ്ചയദാർഢ്യത്തോടെയാണ് ടീമിന്റെ മുന്നേറ്റം.
ഫിഫാ റാങ്കിങ്ങിൽ മൂന്നാമതാണ് അർജന്റീന. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് നാലാമതാണ്. ക്രൊയേഷ്യ 12ഉം മൊറോക്കൊ 22ഉം സ്ഥാനത്താണ്.
Content Highlights: Zlatco Dalic about Argentina