കരിയറിലെ അവസാന ലോകകപ്പിനൊരുങ്ങിയാണ് ലയണല്‍ മെസി ഖത്തറിലെത്തിയത്. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി ഒരു വിശ്വകരീടം ഉയര്‍ത്തണമെന്ന മോഹവുമായാണ് താരം ടൂര്‍ണമെന്റില്‍ മുന്നേറുന്നത്.
മൂന്ന് വര്‍ഷത്തെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിനെത്തിയതെങ്കിലും ഗ്രൂപ്പിലെ ആദ്യ മത്സരം കൈവിട്ടുപോയിരുന്നു. സൗദി അറേബ്യയാണ് അര്‍ജന്റീനയെ അട്ടിമറിച്ച് വിജയം നേടിയിരുന്നത്.
എന്നാല്‍ തുടര്‍ മത്സരങ്ങളില്‍ മികച്ച ഫോമില്‍ തുടരാന്‍ മെസിക്കും സംഘത്തിനുമായി. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ കീഴ്‌പ്പെടുത്തിയാണ് ടീം അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയത്.
മെസിയുടെ അവസാന ലോകകപ്പ് ആയതുകൊണ്ട് തന്നെ അര്‍ജന്റീന കപ്പുയര്‍ത്തണമെന്ന് പറഞ്ഞ് പലരും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മെസി ലോകകപ്പ് നേടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ് സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്
മെസിക്ക് വേണ്ടി അര്‍ജന്റീന ഇത്തവണ വേള്‍ഡ് കപ്പ് കിരീടം നേടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നാണ് സ്ലാട്ടന്‍ പറഞ്ഞിട്ടുള്ളത്. 433 എന്ന ഫുട്‌ബോള്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ എഫ്.സി ബാഴ്‌സലോണയില്‍ ലയണല്‍ മെസിക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് സ്ലാട്ടന്‍. എന്നാല്‍ ഈ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
അതേസമയം സ്‌പെയിനിന്റെ പരിശീലകനായ ലൂയിസ് എന്റിക്വെ നേരത്തെ തന്നെ മെസി വേള്‍ഡ് കപ്പ് കിരീടം നേടണമെന്നു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സ്‌പെയിനിന് ലഭിക്കുന്നില്ലെങ്കില്‍ അര്‍ജന്റീന നേടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ട് കൊണ്ട് സ്‌പെയ്ന്‍ വേള്‍ഡ് കപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാമത് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ഹോളണ്ടിനെയാണ് നേരിടുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരമാണിത്. 2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല.
ഇരുടീമുകളും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ 2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്.