| Wednesday, 29th May 2024, 3:48 pm

റൊണാൾഡോ മെസിയെക്കാൾ മുന്നിൽ നിൽക്കുന്നത് ആ കാര്യത്തിൽ മാത്രം: വിചിത്ര വാദവുമായി ഇബ്രാഹിമോവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളിലെ എക്കാലത്തെയും ഇതിഹാസതാരങ്ങളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയും. ഇവരില്‍ ആരാണ് മികച്ചത് എന്ന സംവാദം ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

ഇപ്പോഴിതാ റൊണാള്‍ഡോ, മെസി ഡിബേറ്റില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്‌സ്വീഡന്റെ ഇതിഹാസതാരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. സ്‌പോര്‍ട്‌സ് ബൈബിളിലൂടെയാണ് സ്വീഡിഷ് ഇതിഹാസം തന്റെ അഭിപ്രായം പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസിയെക്കാള്‍ മുന്നിലുള്ളത് പ്രായം കൊണ്ട് മാത്രമാണ്,’ ഇബ്രാഹിമോവിച്ച് പറഞ്ഞു.

ഇതിഹാസ താരങ്ങളെ കുറിച്ചുള്ള സി ഡിഷ് ഇതിഹാസത്തിന്റെ ഈ വിചിത്രമായ അഭിപ്രായം ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. നിലവില്‍ റൊണാള്‍ഡോക്ക് 39 വയസും മെസിക്ക് 36 വയസുമാണ് ഉള്ളത്. ഈ പ്രായത്തിലും രണ്ട് ഇതിഹാസങ്ങളും മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിന്റെ താരമാണ്. 2022ൽ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് റൊണാള്‍ഡോ സൗദിയിലേക്ക് ചേക്കേറിയത്. സൗദി വമ്പന്മാര്‍ക്കൊപ്പം പ്രായത്തെ പോലും തളര്‍ത്താതെയുള്ള പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്.

സൗദി ലീഗിലെ ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സ്വന്തമാക്കിയിരുന്നു. 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ ഈ സീസണില്‍ അല്‍ നസറിനൊപ്പം നേടിയത്.

ഇതോടെ സൗദി ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം, നാലു വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആവുന്ന ലോകത്തിലെ ആദ്യ താരം എന്നീ ചരിത്ര നേട്ടങ്ങള്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സ്വന്തം പേരിലാക്കി മാറ്റിയിരുന്നു.

അതേസമയം അര്‍ജന്റീനന്‍ സൂപ്പര്‍താരം മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ്. 2023ല്‍ ഫ്രഞ്ച് കരുത്തരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയത്.

സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ഇന്റര്‍ മയാമി മികച്ച വിജയ കുതിപ്പാണ് ലീഗില്‍ നടത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ് കപ്പ് കിരീടവും മെസിയുടെ കീഴില്‍ മയാമി സ്വന്തമാക്കിയിരുന്നു. പുതിയ എംഎല്‍എ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നും പത്ത് ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്.

Content Highlight: Zlatan Ibrahimovic Talks The Diffrent Between Cristaino Ronaldo And Lionel Messi

We use cookies to give you the best possible experience. Learn more