Football
കളിച്ചത് റൂണി, ക്രെഡിറ്റ് റൊണാള്‍ഡോക്ക്; തുറന്നടിച്ച് ഇബ്രാഹിമോവിച്ച്
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മില്‍ ഒരുമിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്നതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്.
റൊണാള്‍ഡോക്കൊപ്പം കളിച്ചപ്പോള്‍ റൂണി കൂടുതല്‍ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കുമ്പോള്‍ എല്ലാ ജോലികളും റൂണി ചെയ്തു. ഇരുവരും തമ്മില്‍ യുണൈറ്റഡില്‍ രണ്ടോ മൂന്നോ വര്‍ഷം കളിച്ചുകൊണ്ട് ഒരുപാട് നിമിഷങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ 5-10 വര്‍ഷം ടീമില്‍ നിലനില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റൂണി അതാണ് ചെയ്തത് ഒരു വലിയ ടീമിനായി കളിക്കുമ്പോള്‍ എല്ലാ ദിവസവും സമ്മര്‍ദങ്ങള്‍ ഉണ്ടാകും,’ സ്ലാട്ടന്‍ ബി.ബി.സിയോട് പറഞ്ഞു.
റൊണാള്‍ഡോയും റൂണിയും മാഞ്ചസ്റ്റര്‍ യുണൈറ്റനായി ആറ് സീസണില്‍ ആണ് ഒരുമിച്ച് ബൂട്ട്‌കെട്ടിയത്. ഇരു താരങ്ങളും ഒരുമിച്ച് 205 മത്സരങ്ങള്‍ ആണ് കളിച്ചിട്ടുള്ളത്. റൂണിയും റൊണാള്‍ഡോയും ചേര്‍ന്ന് 25 സംയുക്ത ഗോളുകള്‍ ആണ് നേടിയത്. റോണോ 14 തവണ റൂണിക്ക് അസ്സിസ്റ്റ് നല്‍കിയപ്പോള്‍ 11 തവണയായിരുന്നു റൂണി അസിസ്റ്റ് നല്‍കിയത്.
വെയ്ന്‍ റൂണി 559 മത്സരങ്ങളില്‍ നിന്നും 253 ഗോളുകളും 146 അസിസ്റ്റുകളുമാണ് റെഡ് ഡെവിള്‍സിനായി നേടിയിട്ടുള്ളത്. അതേസമയം റൊണാള്‍ഡോ യുണൈറ്റഡ് ജേഴ്‌സിയില്‍ 346 മത്സരങ്ങളില്‍ നിന്നും 145 ഗോളുകളും നേടിയിട്ടുണ്ട്.
ഇരു താരങ്ങളും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അവിസ്മരണീയമായ വിജയങ്ങള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒപ്പം തുടര്‍ച്ചയായ മൂന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും, 2008ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. 2021ല്‍ റൊണാള്‍ഡോ വീണ്ടും ഓള്‍ഡ് ട്രഫോഡിലേക്ക് മടങ്ങിയെത്തുകയും 28 ഗോളുകള്‍ നേടുകയും ചെയ്തിരുന്നു.
നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസറിന്റെ താരമാണ് റൊണാള്‍ഡോ. ഈ സീസണില്‍ മിന്നും ഫോമിലാണ് താരം കളിക്കുന്നത്. ഇതിനോടകം തന്നെ 17 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും റോണോ അക്കൗണ്ടിലാക്കിയിട്ടുണ്ട്.
അതേസമയം ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണി ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പ് ടീമായ ബര്‍മിങ്ഹാം സിറ്റിയുടെ പരിശീലകനാണ്.
Content Highlight: Zlatan Ibrahimovic talks about Ronaldo and Rooney combination.