ഇബ്രയുടെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ; 41ാം വയസില്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തി ഇബ്രാഹമോവിച്ച്
Sports News
ഇബ്രയുടെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ; 41ാം വയസില്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തി ഇബ്രാഹമോവിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th March 2023, 8:15 pm

നാല്‍പത്തിയൊന്നാം വയസില്‍ സ്വീഡന്റെ ദേശീയ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ടിരിക്കുകയാണ് സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹമോവിച്ച്. യൂറോ കപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലേക്കാണ് താരത്തിന്റെ തിരിച്ചുവരവ്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് താരം ദേശീയ ടീമിലേക്കെത്തുന്നത്.

ബെല്‍ജിയം, അസര്‍ബൈജാന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരെ ഈ മാസം അവസാനം സ്വീഡന് യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളുണ്ട്. സ്ലാട്ടന്റെ മടങ്ങി വരവ് ടീമിന് ഗുണകരമാകുമെന്നാണ് ആരാധകരുടെ പക്ഷം. ടീമിലേക്ക് മടങ്ങി വന്നാലും സ്റ്റാര്‍ട്ടിങ് ഇലവനില്‍ താരം കളക്കാനിടയില്ലെന്നും പകരക്കാരനായി കളത്തിലിറങ്ങാനാണ് സാധ്യതയെന്നുമാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ വിലയിരുത്തല്‍.

2016ലെ യൂറോ കപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ ഇബ്രാഹമോവിച്ച് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി 2021ല്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. 2022ല്‍ പോളണ്ടിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് താരം അവസാനമായി ദേശീയ ടീമിന്റെ ജേഴ്‌സിയണിഞ്ഞത്.

ക്ലബ്ബ് ഫുട്‌ബോളില്‍ എ.സി മിലാന്‍ താരമായ ഇബ്രാഹമോവിച്ച് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സീസണിലെ ഭൂരിപക്ഷം മത്സരങ്ങളിലും ടീമിന് പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം മിലാന് വേണ്ടി കളത്തിലിറങ്ങിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും പി.എസ്.ജിയുടെയും താരമായിരുന്ന ഇബ്രാഹമോവിച്ച് സ്വീഡന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ്. 121 മത്സരങ്ങളില്‍ നിന്ന് 62 ഗോളുകളാണ് താരം ദേശീയ ടീമിനായി നേടിയത്.

പരിക്കും ഫോമില്ലായ്മയും അലട്ടിയ താരത്തിനെതിരെ നിരവധി ഫുട്‌ബോള്‍ വിദഗ്ധര്‍ രംഗത്ത് വന്നിരുന്നു. സ്ലാട്ടന്‍ വിരമിക്കണമെന്ന ആവശ്യം ഫുട്‌ബോള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, താന്‍ ഇപ്പോഴും ദൈവമാണെന്നും ലോക ഒന്നാം നമ്പര്‍ താരമാണെന്നുമായിരുന്നു നേരത്തെ ഈ വിമര്‍ശനങ്ങളോടുള്ള താരത്തിന്റെ പ്രതികരണം.

കഴിഞ്ഞ സീസണില്‍ എ.സി മിലാന് സീരി.എ കിരീടം നേടിക്കൊടുക്കുന്നതില്‍ ഇബ്രാഹമോവിച്ച് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 11 വര്‍ഷത്തിന് ശേഷമായിരുന്നു എ.സി മിലാന്റെ കിരീട നേട്ടം.

Content Highlights: Zlatan Ibrahimovic returns to the Sweden national squad