മെസിയേക്കാള്‍ ബാലണ്‍ ഡി ഓറിന് യോഗ്യത മറ്റൊരു താരത്തിനാണെന്ന വെളിപ്പെടുത്തലുമായി സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രഹാമോവിച്ച്. മറ്റൊരു താരത്തിനാണ് ഇത്തവണ പുരസ്‌കാരം നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബയേണ്‍ മുന്നേറ്റ നിരക്കാരനായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കാന്‍ പരിഗണിക്കപ്പെടേണ്ടിയിരുന്നതെന്നും ഇബ്ര പറഞ്ഞു.
‘ലിയോ ഫുട്‌ബോളിന് വേണ്ടിയാണ് ജീവിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ലെവന്‍ഡോസ്‌കിയായിരുന്നു എന്തുകൊണ്ടും ബാലണ്‍ ഡി ഓറിന് അര്‍ഹന്‍,’ ഇബ്രഹാമോവിച്ച് പറയുന്നു.
ഇബ്രഹാമോവിച്ചിന്റെ അഭിപ്രായം ഫുട്‌ബോള്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ഫുട്‌ബോള്‍ നിരൂപകരും ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു.
613 വോട്ടുകള്‍ നേടിയാണ് മെസി ഇത്തവണ ബാലണ്‍ ഡി ഓറിന് അര്‍ഹനായത്. രണ്ടാമനായ ലെവന്‍ഡോസ്‌കിക്ക് 580 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.
40 കളികളില്‍ നിന്നുമായി 48 ഗോളുകളും 9 അസിസ്റ്റുമാണ് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണില്‍ നേടിയത്. ടീമിന് ബുന്ദസ് ലീഗ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച താരം ജര്‍മന്‍ ഇതിഹാസം ഗ്രെഡ് മുള്ളറിന്റെ റെക്കോര്‍ഡും തകര്‍ത്തിരുന്നു.