| Thursday, 26th January 2023, 9:33 am

അര്‍ജന്റീന ഇനിയൊരു ലോകകപ്പ് നേടില്ല; രൂക്ഷപരാമര്‍ശവുമായി സ്ലാറ്റന്‍ ഇബ്രാഹിമോവിച്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന് മുമ്പ് ലയണല്‍ മെസി ലോകകപ്പ് നേടണമെന്ന ആഗ്രഹം പങ്കുവെച്ചവരില്‍ ഒരാളായിരുന്നു എ.സി മിലാന്റെ സ്വീഡിഷ് താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്. എന്നാലിപ്പോള്‍ അര്‍ജന്റീനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

അര്‍ജന്റീന ഖത്തറില്‍ ലോകകപ്പ് നേടുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും കാരണം മെസി അത് അര്‍ഹിച്ചിരുന്നെന്നും വ്യക്തമാക്കിയ ഇബ്രാഹിമോവിച് അര്‍ജന്റീനയുടെ മറ്റൊരു താരത്തെയും താന്‍ ബഹുമാനിക്കുന്നില്ലെന്നും പറഞ്ഞു.

ഖത്തര്‍ ഫൈനലില്‍ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പൈക്ക് ഇനിയും ലോകകപ്പ് നേടാനാകുമെന്നും എന്നാല്‍ അര്‍ജന്റീനക്ക് അത് സാധ്യമാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഫ്രാന്‍സ് ഇന്ററിന് നല്‍കിയ അഭിമുഖത്തിലാണ് ഇബ്രാഹിമോവിച് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘അര്‍ജന്റീന ഉറപ്പായും ലോകകപ്പ് നേടുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഖത്തര്‍ ലോകകപ്പ് ചരിത്രത്തില്‍ എങ്ങിനെയായിരിക്കും ഓര്‍മിക്കപ്പെടാന്‍ പോകുന്നത്? ആരാണ് കിരീടം നേടിയത്? അര്‍ജന്റീന നായകന്‍ മെസി. എംബാപ്പയല്ല, ലയണല്‍ മെസിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പരിഗണിക്കപ്പെടുന്നത്.

എംബാപ്പയെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് വിഷമമുണ്ട്. പെനാല്‍ട്ടി ഷൂട്ടൗട്ടിലെ കിക്ക് ഉള്‍പ്പെടെ ഫൈനലില്‍ നാല് ഗോളുകള്‍ നേടിയിട്ടും ലോകകപ്പ് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വളരെയധികം വിഷമമുണ്ടാക്കുന്ന കാര്യമാണ്.

ഇപ്പോള്‍ തന്നെ ഒരു ലോകകപ്പ് നേടിയ താരം ഇനിയുമൊരെണ്ണം നേടുമെന്നതില്‍ യാതൊരു സംശയവുമില്ല. എംബാപ്പെയുടെ കാര്യത്തില്‍ എനിക്ക് ആശങ്കയില്ല. എന്നാല്‍ അര്‍ജന്റീനയിലെ മറ്റു താരങ്ങളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. അവര്‍ക്കൊരു കിരീട നേട്ടം ഇനി സാധിക്കില്ല,’ ഇബ്രാഹിമോവിച് പറഞ്ഞു.

അര്‍ജന്റീനയുടെ വിജയാഘോഷത്തെയും ഇബ്രാഹിമോവിച് വിമര്‍ശിച്ചു. മത്സരത്തിന് ശേഷം താരങ്ങള്‍ ഡ്രസിങ് റൂമിലും പിന്നീട് ബ്യൂണസ് അയേഴ്‌സിലും നടത്തിയ അതിരുകടന്ന വിജയാഘോഷം മോശമായിപ്പോയെന്നും ലയണല്‍ മെസിയെ ആളുകള്‍ ബഹുമാനത്തോടെ ഓര്‍മിക്കപ്പെടുമെന്നും എന്നാല്‍ മറ്റു താരങ്ങള്‍ അങ്ങനെ ആയിരിക്കില്ലെന്നും ഇബ്രാഹിമോവിച് പറഞ്ഞു.

Content Highlights: Zlatan Ibrahimovic criticizes Lionel Messi and Argentina

We use cookies to give you the best possible experience. Learn more