| Monday, 28th August 2023, 3:38 pm

അമേരിക്കയില്‍ ഗോളടിക്കാന്‍ വളരെ എളുപ്പം; മെസി എഴ് ഗോളെങ്കിലും അടിച്ച് കാണിക്കട്ടെ: സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ലീഗില്‍ അരങ്ങേറ്റം നടത്തിയത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്.

അമേരിക്കയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

എന്നാല്‍ അമേരിക്കയില്‍ ആര്‍ക്കും എളുപ്പത്തില്‍ ഗോള്‍ നേടാനാകുമെന്നും അവിടെ സ്‌കോര്‍ ചെയ്യുന്നത് വെള്ളം കുടിക്കുന്നത് പോലെ എളുപ്പമാണെന്നും പറഞ്ഞിരിക്കുകയാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന് തെളിയിക്കുന്നതിനായി അമേരിക്കയില്‍ മെസി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു.

‘അമേരിക്കയില്‍ ഗോള്‍ നേടാന്‍ വെള്ളം കുടിക്കുന്നത് പോലെ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് താന്‍ എന്ന് കരുതുന്നുണ്ടെങ്കില്‍ മെസി ഓരോ കളിയിലും ഏഴ് ഗോളെങ്കിലും അടിച്ച് കാണിക്കട്ടെ. കാരണം, അവിടെ മെസി കളിക്കുന്നത് സിനിമാ താരങ്ങള്‍ക്കെതിരെയാണ്. താന്‍ മികച്ചതാണെന്ന് തെളിയിക്കാന്‍ മെസി ഒന്നും കാണിച്ചിട്ടില്ല,’ ഇബ്രാഹിമോവിച്ച് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. കളിയുടെ 37ാം മിനിട്ടില്‍ ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസത്തിന്റെ ഗോള്‍ പിറക്കുന്നത്. മത്സരത്തിന്റെ 89ാം മിനിട്ടില്‍ മെസി സ്‌കോര്‍ ചെയ്തതോടെ കളി 2-0 എന്ന നിലയിലായി.

മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 14ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നാഷ്വില്‍ എഫ്.സിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.

Content Highlights: Zlatan Ibrahimovic criticizes Lionel Messi

We use cookies to give you the best possible experience. Learn more