നിങ്ങളുടെ കഴിവുകള്‍ കൊണ്ട് ഓര്‍മിക്കപ്പെടണം; പണം കൊണ്ടല്ല; സ്ലാറ്റന്‍ വിമര്‍ശിച്ചത് ക്രിസ്റ്റ്യാനോയടക്കമുള്ളവരെ?
സൗദി അറേബ്യയിലേക്ക് ചേക്കേറുന്ന താരങ്ങള്‍ തങ്ങളുടെ കഴിവിനെക്കാള്‍ പണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുന്‍ ഫുട്‌ബോള്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. താരങ്ങള്‍ തങ്ങളുടെ കഴിവ് കൊണ്ടാണ് അറിയപ്പെടേണ്ടതെന്നും സമ്പാദ്യം കൊണ്ടല്ലെന്നും സ്ലാറ്റന്‍ പറഞ്ഞു. പിയേഴ്‌സ് മോര്‍ഗന്‍ ഷോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘നിങ്ങള്‍ നിങ്ങളുടെ കഴിവ് കൊണ്ട് അറിയപ്പെടണം. അല്ലാതെ നിങ്ങളുടെ പണവും സമ്പാദ്യവും കൊണ്ടല്ല. നമ്മളെന്തിനാണ് ദിവസവും പരിശീലനം നടത്തുന്നത്? എന്തിനാണ് നമ്മുടെ കഴിവുകള്‍ കൊണ്ട് അറിയപ്പെട്ടത്? അതെല്ലാമാണ് ആളുകള്‍ക്ക് നമ്മളെ കുറിച്ച് ഓര്‍മയുണ്ടായിരിക്കേണ്ടത്,’ സ്ലാറ്റന്‍ പറഞ്ഞു.
സ്വീഡന്റെ ദേശീയ താരമായിരുന്ന സ്ലാട്ടന്‍ ക്ലബ്ബ് ഫുട്ബോളിലൂടെയായിരുന്നു തന്നെ സ്വയം അടയാളപ്പെടുത്തിയത്.
യൂറോപ്പിലെ നാല് വിവിധ ലീഗുകളില്‍ കളിച്ച് ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ സാധിക്കാതെയാണ് സ്ലാട്ടന്‍ കളമൊഴിയുന്നത്.
സ്വീഡന്‍ ക്ലബ്ബായ മാല്‍മോയിലൂടെ കളിയടവ് പഠിച്ച സ്ലാട്ടന്‍ നെതര്‍ലന്‍ഡ്സ് ജയന്റ്സ് അയാക്സ് ആംസ്റ്റര്‍ഡാമിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്നായിരുന്നു ഇറ്റലിയിലേക്ക് കാലെടുത്ത് വെക്കുന്നത്.
കരിയറിലെ വിവിധ ഘട്ടങ്ങളിലായി സീരി എ ക്ലബ്ബുകളായ യുവന്റസ്, ഇന്റര്‍ മിലാന്‍, എ.സി മിലാന്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടിയ സ്ലാട്ടന്‍ ക്യാമ്പ് നൗവിലും ഓള്‍ഡ് ട്രാഫോര്‍ഡിലും പാരീസ് സെന്റ് ഷെര്‍മാങ്ങിലും തന്റെ കരുത്തറിയിച്ചിരുന്നു.
Content Highlights: Zlatan Ibrahimovic about the players who moved to Saudi Arabia